മാലോം പ്രദേശത്തിന് ചിരപുരാതനമായ ഒരു ചരിത്രം തന്നെ ഉണ്ട്. പഴഞ്ചുല്ലുകളില്‍ പോലും കടന്നു കൂടിയിട്ടുള്ള മാലോത്തിന്‍റെ ചരിത്ര രേഖ നൂറ്റാണ്ടുകളോളം നീളും. ഇതിനുദാഹരണമാണ് “ഏറെ തിന്നാന്‍ മാലോത്ത്‌ എത്തണം”,  “മല കയറിയാല്‍ മാലോത്ത്‌ എത്താം” തുടങ്ങിയ വായിത്താരികള്‍. മലകൾ കൊണ്ട് നിറഞ്ഞ ഈ പ്രദേശത്തിന് "മലകളുടെ ലോകം” അഥവാ “മഹാലോകം” എന്നതില്‍ നിന്നാണ് ഇന്നറിയപ്പെടുന്ന "മാലോം" എന്ന സ്ഥലപേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്ക് പുല്‍മേടുകള്‍ നിറഞ്ഞ കുടക് മാനിമലനിരകളും തെക്ക് കോട്ടന്‍ചേരിയും ചട്ടമലയും വടക്ക് മരുതോം മാനിയും, റാണിപുരവും പടിഞ്ഞാറ് എളേരി - പുന്നകുന്ന് കുന്നുകളും ഒരു കോട്ടപോലെ മാലോം ഗ്രാമത്തിന്‍റെ നാല് വശവും ഉയര്‍ന്നു നിന്ന് ഇവിടുത്തെ കാലവസ്ഥയെയും മണ്ണിനെയും സംരക്ഷിച്ചു നിറുത്തുന്നു.

ഇന്നത്തെ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്ക് കിഴക്കൻ മലനിരകളുടെ (റാണിപുരം - എണ്ണപ്പാറ ബെൽറ്റ്‌) തെക്കൻ പ്രദേശങ്ങൾ മുഴുവനായി (ഇന്നത്തെ നായിക്കയം ഇടത്തോട് മുതല്‍  കൊന്നക്കാട് അത്തിയടുക്കം വരെയുള്ള പ്രദേശങ്ങൾ) ഒരുകാലത്ത് മാലോം എന്നാണ്  അറിയപെട്ടിരുന്നത്. കോട്ടന്‍ചേരി ദേവസ്ഥാനവും, അടുക്കളക്കുന്നു ഭഗവതി ക്ഷേത്രവും,മാലോത്തെ ഉയര്‍ന്ന മലനിരകളും തേജസ്വിനി പുഴയുടെ കൈ വഴികളായ ചൈത്രവാഹിനി പുഴയും നീലിപുഴയും അടങ്ങുന്ന ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു. ഒരിക്കലും വറ്റാത്ത ഉറവകളും നല്ല കാലാവസ്ഥയും മാലോത്തിനെ നെല്ലിന്‍റെ നാടായി മാറ്റിയിരുന്നു. അതിനാല്‍ തന്നെ മാലോത്ത്‌ വരള്‍ച്ചയോ ദാരിദ്രമോ ഉണ്ടായതായി പഴമക്കാര്‍ക്ക് പോലും അറിവില്ല എന്ന് മാത്രവുമല്ല കലാപരമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന തലത്തിലായിരുന്നു ഇവിടുത്തുകാരുടെ ജീവിതം എന്ന് ചരിത്രം തുറന്നുകാട്ടുന്നു. നാടന്‍ അനുഷ്ടാനങ്ങളുടെയും, കലകുടെയും സംഗമഭൂമി കൂടെയായിരുന്നു ഇവിടം. ഇന്നും മലയോര മേഖലയുടെ തന്നെ സാംസ്‌കാരിക തലസ്ഥാനമായി  മാലോം കരുതപ്പെടുന്നു. മാലോത്തിന്‍റെ മണ്ണിലേക്ക് ആധുനിക കാര്‍ഷിക രീതിയും  സംസ്കാരവും നാണ്യവികളുടെ വരവുമുണ്ടായത് മധ്യതിരുവിധാകൂറില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തോട് കൂടിയാണ്. മലയോരത്തെ ആദ്യ സിനിമ തിയേറ്ററും, മെച്ചപ്പെട്ട ആശുപത്രി സൗകര്യവും കുടിയേറ്റത്തിനു ശേഷമുളള കാലഘട്ടത്തിലെ മാലോത്ത് നിലനിന്നിരുന്നു.

കൂടംമുട്ടിയിലെ ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും


മാലോം മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത് ഇവിടെയാണ്. 2300 വര്‍ഷം മുന്പ് ഇവിടെ ഒരു സമൂഹം ജീവിച്ചിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. മരുതോത്ത് നിന്നും വനത്തിലുടെ 5 കി. മി കാല്‍നടയായി സഞ്ചരിച്ചാല്‍ കൂടംമുട്ടിയില്‍ എത്താം, ബ്രിട്ടീഷുകാരുടെ കാലത്ത് വനത്തിലുടെ നിര്‍മ്മിച്ചിട്ടുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മരുതോത്ത് നിന്ന് വാഹനത്തിലൂടെ ഇവിടെയും റാണിപുരത്തേക്കും എത്തിച്ചേരാം.

2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മിലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവുമാണു ഇവയെന്നു കോഴിക്കോട് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയും പുരാവസ്തു ഗവേഷകനുമായ ഡോ. പി.പവിത്രന്‍ പറഞ്ഞു. ഇത്രയധികം ശിലാലിഖിതങ്ങള്‍ ഒരിടത്തു കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘റ’ പോലുള്ള ഒരു കല്ലിലെ നാലുവരി ബ്രാഹ്മിലിഖിതം പ്രധാനപ്പെട്ടതാണെന്നാണു അഭിപ്രായം. ‘സഹത. നന്ന. കേക. രരരാഹു’ എന്നാണു ഇതുവായിക്കേണ്ടതെന്നും ചേരലാതരാജാവിനെ കൊലപ്പെടുത്തി നന്ദരാജാവ് യുദ്ധത്തില്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നും ഡോ. പവിത്രന്‍ സൂചിപ്പിച്ചു. ഏഴിമലയ്ക്കടുത്ത പാഴി ആസ്ഥാനമായി മഗലാപുരം മുതല്‍ പാലക്കാടു വരെയുള്ള പ്രദേശങ്ങള്‍ നന്ദരാജാവിന്റെ ഭരണത്തിലായിരുന്നു. വനത്തിനുള്ളിലെ കൂടംമുട്ടി എന്ന സ്ഥലത്തെ പാറകളിലാണ് ലിഖിതങ്ങളുള്ളത്. പ്രാചീന മനുഷ്യരുടെ ജ്യാമിതീയ അറിവുകളുടെ തെളിവാണ് ഇവയെന്ന് ഇവിടെയെത്തിയ ഗവേഷകസംഘം പറഞ്ഞു. വയനാട്ടിലെ തൊവരി എഴുത്തു പാറയിലാണു സമാനമായ രേഖപ്പെടുത്തലുകള്‍ ഉള്ളത്. കൂടംമുട്ടിയിലെ കൂടം ആകൃതിയിലുള്ള കരിങ്കല്ലുകള്‍ മിക്കതും പ്രകൃതിക്ഷോഭത്തില്‍ നിലംപതിച്ചിട്ടുണ്ട്. റാണിപുരം ഗുഹയിലും മാനിപ്പുറത്തും കൂടംമുട്ടിയിലും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തണമെന്നു ആവശ്യമുയര്‍ന്നു. 10 കിലോ മീറ്റര്‍ ചുറ്റളവിലാണു ഈ പ്രദേശങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇവിടത്തെ ശിലാലിഖിതങ്ങളെപ്പറ്റി അറിവുണ്ട്.

മാലോത്തെ കാവുകൾ


പുരാതന ഭാരതീയ സംസ്കൃതിയുടെ തിരുശേഷിപ്പുകളാണ് നമ്മുടെ  കാവുകൾ, മാലോം കാവുകളുടെയും  നാടാണ്. ചെറുതും വലുതുമായ ഇരുപതോളം കാവുകൾ നമുക്കുണ്ട്. 


മുക്രിപോക്കര്‍ ഐതിഹ്യം


മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ഒരു മുസ്ലിം തെയ്യമാണ്‌ “മുക്രിപോക്കര്‍” വടക്കന്‍ മലബാറില്‍ തെയ്യങ്ങള്‍ക്ക് പഞ്ഞമില്ലേലും മുസ്ലിം തെയ്യങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലൊന്നാണ് മാലോത്തെ മുക്രിപോക്കര്‍. പുരാതനമായ മാലോം കൂലോത്തിന്റെ അധീനതയിലുള്ള ദേശത്തിന്റെ സംരക്ഷകനായിരുന്നുവത്രേ നീതിമാനായ പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയെന്നും അവിടെ നിന്ന് മാലോം കൂലോത്തിന്റെ സംരക്ഷകനായി വന്നുവെന്നുമാണ് ഐതിഹ്യം.

അപവാദത്തില്‍ കുരുങ്ങിയ പോക്കര്‍ അപമൃത്യുവിനിരയായി. മരിച്ച പോക്കര്‍ കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ദൈവസാന്നിധ്യമായി. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ തെയ്യത്തിന്റെ കോലമണിയുന്നത്. ദേഹശുദ്ധിവരുത്തി ക്ഷേത്ര മുറ്റത്തെ തറയില്‍ നിസ്‌കാരവും കഴിഞ്ഞാണ് പടിഞ്ഞാറ്റമുറ്റത്ത് കാത്തിരുന്ന ദേശദേവതമാര്‍ക്ക് മുന്നില്‍ മുക്രിപ്പോക്കര്‍ എത്തുനത്. വലിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ ആജ്ഞക്കൊത്ത് പോക്കറും കൂടെ മണ്ഡലത്തു ചാമുണ്ഡിയും ഉറഞ്ഞാടും. യജമാനനോട് വിശ്വസ്തത പുലര്‍ത്തിയ പോക്കറെ ശത്രുക്കള്‍ ചതിച്ചു കൊന്നതാണ് എന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

പോക്കറുടെ കഥ...
മാലോം കുലോം...നാട്ടുക്കൂട്ടം വായ്ക്കൈ പൊത്തി തൊഴുന്ന ബാലിക്കടക്കത്ത് ജന്മിത്തമ്പുരാന്റെ കോവിലകം… വിളിച്ചാൽ വിളികേൾക്കാത്ത വയലേലകളും നോക്കിയാൽ നോക്കെത്താത്ത മലനിരകളും കൂലോത്തിന് സ്വന്തം. പൂമുഖത്തും തിരുമുറ്റത്തും എന്നുമെപ്പോഴുമുണ്ട് കല്പനകിട്ടാൻ കാത്തുനിൽക്കുന്ന നായന്മാർ. ആണ്ടറുതി കണക്കുതീർക്കാനും നെല്ലളന്നു പത്തായം നിറക്കാനും നേരവും കാലവും പോരാ. പത്തായപ്പുരയിൽ പെൺപടയും ആലവാതിൽക്കൽ കാലിയാന്മാരും പൂമുഖത്തു പ്രമാണിമാരും ഒഴിഞ്ഞുനിന്ന നേരമില്ല. ചട്ടോപ്പാറ മുതൽ മരുതംകുന്നു വരെ പുനംക്രിഷി നോക്കിനടത്താൻ കാര്യക്കാരും കാര്യസ്ഥനും പോരെന്നായിരിക്കുന്നു. നോക്കാനാളില്ലാത്ത മണ്ണും വേൾക്കാനാളില്ലാത്ത പെണ്ണും ഒരുപോലെയല്ലേ. മലമുകളിൽ കൊയ്തുകൂട്ടിയ കറ്റകളൊന്നും കളത്തിലെത്താതെ പോകുന്നു. മലങ്കുടിയാന്മാർ മെതിച്ചുകൂട്ടിയത് പത്തായം കാണുന്നില്ല. ആരുണ്ട് ഉശിരു കാട്ടുന്നൊരു  നേരുകാരൻ.  തണ്ടും തടിയുമുള്ളൊരു കാര്യക്കാരനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളാളത്ത് നിന്നൊരു വാല്യക്കാരൻ വന്നത്. ആള് മാപ്പിളയാണ്. കള്ളിമുണ്ടും കൈമുറിയൻ കുപ്പായവും ആളറ്റവും അരപ്പട്ടമിട്ട അഭ്യാസിയെ തമ്പുരാന് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടപെട്ടു. ചോദിക്കാതെ തന്നെ ചോദിക്കാവുന്ന ചൊദ്യങ്ങൾക്കവൻ ഉത്തരം പറഞ്ഞു. നാട് ഉള്ളാളം….പേര് പോക്കറ് അഭ്യാസിയാണ്. ആരോടും നേരിടും...പൊതക്കാരനാക്കിയാൽ പ്രാണൻ തരും.തമ്പുരാൻ പിന്നൊന്നും പറഞ്ഞില്ല.

അങ്ങനെ പോക്കർക്ക് മാലോം കൂലോത്ത് കാര്യസ്ഥപ്പണിയായി. നാളേറെ വേണ്ടിവന്നില്ല നന്മയുടെ നെയ്ത്തിരി കാണാൻ. വയൽ നിലത്ത് ആളടിയാന്മാർ വിയർപ്പു ചീന്തി. കിളിക്കൂടുണരും മുമ്പേ പണിയാളർ പണിനിലമണഞ്ഞു. ആർക്കുമില്ല വാക്കിനും നോക്കിനും നേരം. വയൽ വരമ്പിലും പറമ്പിടങ്ങളിലും പോക്കറുടെ തലമുട്ട് കണ്ടാൽ മതി പണിക്കാരുടെ കൂറ്റടങ്ങാൻ. നിസ്കാരനേരമൊഴികെ പോക്കർക്ക് സ്വന്തമായൊരു നേരം വേണ്ടായിരുന്നു. തമ്പുരാന്റെ മാറ്റാന്മാർക്കുമുണ്ടായി തെല്ലൊരു ഭയം. കൈക്കരുത്തും മെയ്യഭ്യാസവും മാത്രമല്ല മഹാജ്ഞാനിയും നീതിമാനുമാണ് പുതിയ കാര്യക്കാരനെന്ന് അനുഭവക്കാർ അടുപ്പക്കാരോട് പറഞ്ഞു. തമ്പുരാൻ ഇന്നലെക്കേറിവന്നവനോട് ഇത്രവേഗം അടുത്തത് കാലദോഷമെന്നു കരുതി കാര്യക്കാർ. തൻകാര്യം നടന്നിട്ട് തമ്പുരാൻ കാര്യം എന്നു കാര്യം നടത്തിയോർക്കൊക്കെ പോക്കർരൊരു കണ്ണിൽ കരടായി. കള്ളത്തരവും കടും കണക്കും പലപ്പോഴായി പിടികൂടിയ പോക്കർ അവർക്ക് ദു:സ്വപ്നമായി. തമ്പുരാന്റെ ചെവിയിൽ പോക്കറെക്കുറിച്ചു കഥ ചമചു പാടിയവരൊക്കെ പടിക്കു പുറത്തായി.

അങ്ങനെയൊരു ദിവസം അസർ ബാങ്ക് കഴിഞ്ഞ് പുറത്തിറങ്ങവേ ശീതക്കാറ്റിൽ ഓടിയെത്തുകയായിരുന്നു മലങ്കുടിയാൻ മായിലൻ. ഊയന്റശമാനാ!! പെരുമ്പന്നി പൊനത്തിൽ കീഞ്ഞ് പൊനം മുടിക്കുന്നു. ഓടിവായെന്റെശമാനാ… പോക്കർ ആകാശത്തേക്ക്  നോക്കി. പതിവില്ലാത്തൊരു മിശിറും കരിങ്കാറും. എടവം തുടങ്ങാൻ ഇനിയുമുണ്ട് രണ്ടു പക്കം…എന്നിട്ടുമെന്നിട്ടും മാനം പോലെ മനസ്സിനുമുണ്ട് ശീലം കെട്ടൊരു ശീക്ക്. പന്നിക്കുന്തവും വാളും ചുരികയും കയ്യോങ്ങിയെടുത്ത് പോക്കർ മായിലനൊപ്പം കുന്നു കേറി. മരുതോം കുന്നിലെ പന്നിമടയിൽ  പോക്കറുടെ ചിതറിത്തെറിച്ച ശവം കണ്ടത് പിറ്റേന്ന് പ്രഭാതത്തിലാണ്. ഓടിക്കൂടിയവർക്ക് കാണാനും കഥ് പറയാനും ഒരുപാടുണ്ടായിരുന്നത്ത്രെ ലക്ഷണങ്ങൾ… കാട്ടുപന്നി കടിച്ചെറിഞ്ഞതോ കാട്ടാളമനസ്സുകൾ ചീന്തിച്ചതിച്ചതോ? കഥകൾ പലതും പറന്നു പാറി…മാലോം കൂലോത്തെ തിരുമുറ്റത്ത് നേരു മാത്രം നടത്തിയ പോക്കറുടെ പതിഞ്ഞ നടത്തവും ചിലമ്പിച്ച കൂറ്റും അഞ്ചുനേരത്തെ ബാങ്കിനൊപ്പം കേൾക്കാൻ തുടങ്ങി. ഉടയോന്ന് ഉയിര് നൽകിയ പോക്കർ നാട്ടിന്നും നല്ലോർക്കുമോർക്കാൻ തെയ്യക്കോലമായി മാറി.  മലയവണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.

ഇന്നും കാസർകോട്ട് ജില്ലയിലെ മാലോം ജുമാമസ്ജിദിൽ അസർ ബാങ്ക് വിളി മുഴങ്ങുമ്പോൾ  മാലോം കൂലോത്തെ തിരുമുറ്റത്ത് മുക്രിപോക്കർ തെയ്യം ഉറഞ്ഞാടുന്നു; മതസൌഹാർദ്ദത്തിന്റെ  മഹനീയമാത്ര്കയായി.


കുടിയേറ്റ ചരിത്രം

1950 കളില്‍ ആയിരുന്നു മലോത്തെകുള്ള കുടിയേറ്റം ആദ്യമുണ്ടായത്. കുടിയേറ്റക്കാരില്‍ ചെറിയ ഒരു വിഭാഗത്തെ ഒഴിച്ച് നിറുത്തിയാല്‍ എല്ലാവരും തന്നെ ക്രൈസ്ത്വവരയിരുന്നു. രണ്ടാം ലോകമഹാ യുദ്ധം മൂലമുണ്ടായ പട്ടിണി കുടിയേറ്റം വേഗത്തിലാക്കി. കുടിയേറ്റക്കാരില്‍ അതികവും കോട്ടയം ജില്ലയിലെ പാല,കഞ്ഞിരപള്ളി, ഇടുക്കി ജില്ലയിലെ തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇന്നും ഈ പ്രദേശങ്ങളുമായി മാലോംകാര്‍ക്ക് നല്ല ബന്ധം നിലനിൽക്കുന്നു. സമീപപ്രദേശങ്ങളിൽ വച്ച് ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണും, ഒരിക്കലും വറ്റാത്ത ജലലഭ്യതയും കുടിയേറ്റക്കാർക്ക് മാലോത്തെ പ്രിയങ്കരമാക്കി... മലയോരത്തെ ആദ്യ ദേവാലയമായ ചിറ്റാരിക്കാൽ നിന്നും പിന്നീട് മാലോം കേന്ദ്രമാക്കി സ്വാതന്ത്ര ഇടവകയാകുകയും... ഇന്ന് മാലോം ഇടവകയിൽ നിന്ന് തിരിഞ്ഞ് ഏകദേശം എട്ടോളം പുതിയ ഇടവകകൾ മാലോം പ്രദേശത്ത് നിലനിൽക്കുകയും ചെയ്യുന്നുവെന്നത് അന്നത്തെ കുടിയേറ്റ ജനതയുടെ പിന്മുറക്കാരുടെ സാന്ദ്രത കാണിക്കുന്നു.

മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റ കാലത്ത് ഭുഉടമകള്‍ ജന്മിമാരോ തറവട്ടുകാരോ ആയിരുന്നു. ഇവരുടെ അടിയന്മാരായായി താഴ്ന്ന ജാതിയില്‍ പെട്ടവരും മാലോത്ത്‌ ഏറെ ഉണ്ടായിരുന്നു ഇവർ പഴയ തുളുനാട്ടിൽ നിന്നും ഇവിടെ എത്തിയവരാണ് എന്ന് കരുതപ്പെടുന്നു. ഇന്നും ഇവരിലെ പഴയ തലമുറ സംസാരിക്കുന്ന ഭാഷ കാട്ടുതുളു എന്ന തുളുഭാഷയുടെ വകഭേദമാണ്. ജാതിവ്യവസ്ഥയിൽ ഉണ്ടായിരുന്ന ഈ സാമുഹിക വ്യവസ്ഥിതി മാറ്റാന്‍നും അന്നുവരെയുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമായി കൂലിയായി അരിക്ക് പകരം പണം നല്‍കാനും കുടിയേറ്റക്കാര്‍ സഹായിച്ചു. അധ്വാനശീലരായിരുന്ന ക്രിസ്ത്യൻ കുടിയേറ്റ ജനത മലനിരകളോടും, മലപനിയോടും, വന്യജീവികളോടും മല്ലിട്ട് പുല്‍ത്തയ്ലവും, കപ്പയും, പുനം നെല്ലും കൃഷി ചെയ്ത്, പിന്നീടു റബ്ബര്‍റും, തെങ്ങും ഒക്കെ നട്ട്പിടുപിച്ചു. മാലോത്തെ കടുനിറഞ്ഞ കൃഷി ഇല്ലാതെ കിടന്നിരുന്ന മലനിരകള്‍ ഓരോന്നായി അവര്‍ കീഴടക്കി. സഹ്യസാനുക്കള്‍ അവരുടെ കൈകരുത്തും മനക്കരുത്തും കണ്ടു ശിരസ് നമിച്ചു. അങ്ങനെ മധ്യതിരുവിതാംകൂർ സംസ്കാരവുമായി കൂടിച്ചേർന്ന് പുതിയ ഒരു സംസ്കാരവും, പതിയെ പള്ളിയും പള്ളിക്കൂടവും ആശുപത്രിയും സിനിമാകൊട്ടകയുമടക്കം മലനാടിന്റെ സിരാകേന്ദ്രമായി മാലോം മാറി. നാണ്യവിളകളുടെ വരവോടെ അടിസ്ഥാന വികസനവും മാലോത്ത് വന്നെത്തി.  

കുടിയേറ്റ കേന്ദ്രമായ തോമപുരവുമായി (ഇന്നത്തെ ചിറ്റാരിക്കാല്) മായാണ് ആദ്യം കുടിയേറ്റ ജനത ബന്ധപെട്ടിരുന്നത്. സൌത്ത് കനാറ ജില്ലയില്‍ പെട്ടിരുന്ന ചിറ്റാരിക്കാല് അന്ന് മംഗലാപുരം ലാറ്റിൻ രൂപതയുടെ കീഴിലായിരുന്നു. നീലേശ്വരം ലാറ്റിൻ പള്ളി വികാരിയായിരുന്ന ഫാദര്‍ ജെറോം ഡിസൂസ ആയിരുന്നു ആദ്യകാലകുടിയേറ്റക്കാരുടെ ആദ്യല്‍മിക ആവശ്യങ്ങള്‍ നടത്തിയിരുന്നത്.  യാത്രമാര്‍ഗം എന്നത് അന്ന് കാല്‍നട മാത്രമായിരുന്നു. മാലോത്തേക്ക് വരണമെങ്കിൽ പയ്യന്നൂര്‍ നിന്ന് ചെറുപുഴ വരെയും കാഞ്ഞങ്ങാട് നിന്ന് കള്ളാര്‍ വരെയും അന്ന് ബസ്‌ സര്‍വീസ് ഉണ്ടായിരുന്നു, ചെറുപുഴയില്‍ നിന്നും പറമ്പ കൂടിയും,കള്ളാര്‍ നിന്ന് മരുതോം കൂടിയും കിലോമീറ്റര്റുകള്‍ വനത്തിലൂടെ നടന്നാണ് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. നീലേശ്വരത്തു നിന്ന് മുക്കട വരെ തേജസ്വിനി പുഴയിലൂടെ ബോട്ട് സര്‍വിസ് ഉണ്ടായിരുന്നു. എന്നിരുന്നാലും പലപ്പോഴും പ്രതികൂല കാലാവസ്ഥയും വന്യമൃഗ ആക്രമണവും ദുർഘട പാതകളും കാരണം കാഞ്ഞങ്ങാടും, നീലേശ്വരത്തു, പയ്യന്നൂരും ഒക്കെ വന്നു ട്രെയിന്‍ ഇറങ്ങിയാലും മാലോത്ത്‌ എത്തണേല്‍ ദിവസങ്ങള്‍ നീണ്ട കാല്‍നട യാത്ര തന്നെ വേണമായിരുന്നു.

ആദ്യകാല റോഡുകള്‍ എന്നത് തന്നെ കൂപ്പ് ലോറികളെ ഉദേശിച്ചുള്ളവയായിരുന്നു.(മംഗലാപുരം സ്വദേശിയായ ഫെര്‍ന്ണാണ്ടസ് എന്നയാളാണ് കാഞ്ഞങ്ങാട് – കൊന്നക്കാട് റോഡ്‌ നിര്‍മിച്ചതെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നുമാറിയുന്നു.) ആദ്യകാലത്ത് ബസ്‌ സര്‍വീസ് അടുക്കം പരപ്പ വഴി വെള്ളരികുണ്ട് വരെയായിരുന്നു. അറുപതുകളുടെ അവസാനത്തോടെ മാലോം പ്രദേശത്തേക്ക് ബസ്‌ എത്തി. മാലോത്ത്‌ ആദ്യമെത്തുന്ന ബസ്‌ ബദരിയാ മോട്ടോര്‍സിന്‍റെ  “ബി.എം.എസ് ബസ്‌” ആണ്. പിന്നീട് മാലോം കടന്ന് കൊന്നക്കടേക്കും പുഞ്ചക്കും ഒക്കെ ബസ് ഓടി. ഇന്ന് അടുത്ത പട്ടണങ്ങളിലെക്കും കേരളത്തിന്‍റെ  തെക്കന്‍ ജില്ലകളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ അടക്കം കൊന്നക്കാട് നിന്നും പുറപെടുന്നു.

മാലോം മുത്തപ്പൻ


വള്ളിക്കടവിൽ സ്ഥിതി ചെയ്യുന്ന  മാലോം സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ വിശുദ്ധ ഗീർവർഗീസ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ കുടിയേറ്റ ക്രിസ്ത്യാനികളാലും, പ്രദേശവാസികളായ ഹൈന്ദവ സഹോദരങ്ങളാലും ഇവിടെയും സമീപ പ്രദേശങ്ങളിലും മാലോം മുത്തപ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത്

·         കുടിയേറ്റ വിവരങ്ങള്‍ക്ക് കടപ്പാട് : “മാലോം സെന്‍ ജോര്‍ജ് ദേവാലയ പ്രതിഷ്ഠ സ്മരണികയും,കുടിയേറ്റ ചരിത്രവും”  – (1991)


ചൈത്രവാഹിനി പുഴയുടെ പേരിന് പിന്നിൽ.

അന്നൊരു ചൈത്ര പൗർണമിയായിരുന്നു. സമയം 1992 ഏപ്രിൽ 17 വൈകിട്ട് അഞ്ച്.
സ്ഥലം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വയനാടുകാരൻ ടി.എ.അഷറഫിന്റെ മാലോം വള്ളിക്കടവിലെ കൊച്ചു വാടകമുറി.
വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം പ്രസിഡന്റ് ജോർജുകുട്ടി തോമസ്  വർഷങ്ങൾക്കു പിറകിലെ ഓർമകൾ ചികഞ്ഞെടുത്തു. യുവാക്കളുടെ സാംസ്കാരിക സംഘടനയായ കസ്ബ യുവജന കേന്ദ്രത്തിന്റെ പ്രത്യേക ജനറൽബോഡി യോഗം കൂടിയായിരുന്നു അത്. അന്നത്തെ യോഗ അജൻഡ ഒരു കാര്യത്തിൽ മാത്രമൊതുങ്ങുന്നതായിരുന്നു.
അന്നു വരെ കൊന്നക്കാട് പുഴ, പറമ്പാറ്, പുങ്ങംചാൽ പുഴ, മങ്ങോട് പുഴ എന്നൊക്കെ വിവിധ സ്ഥലങ്ങളിൽ സ്ഥലനാമങ്ങളാൽ മാത്രം അറിയപ്പെട്ടിരുന്ന, കോട്ടഞ്ചേരിക്കുന്നിലെ തടാകത്തിൽ നിന്ന് ഉത്ഭവിച്ച് മുക്കടയിൽ കാര്യങ്കോട് പുഴയുമായി സംഗമിക്കുന്നതുമായ പുഴക്ക് ഒരൊറ്റ പേരു ചാർത്തണം. പേര് ഞാൻ കണ്ടെത്തിയിട്ടുണ്ടായിരുന്നു – "ചൈത്രവാഹിനി". ആദ്യ കേൾവിയിൽ തന്നെ ഹൃദയഹാരിയായ ആ പേര് യോഗം ഏകകണ്ഠമായി അംഗീകരിച്ചു. അങ്ങനെയായിരുന്നു ചൈത്രവാഹിനി എന്ന പേര് വെള്ളരിക്കുണ്ട് താലൂക്കിലെ പ്രധാന പുഴയ്ക്ക് വന്നു ചേർന്നത്. എന്തുകൊണ്ട്  ഈ പേര്? കസ്‌ബ യുവജന കേന്ദ്രം ആരംഭിച്ചത് അതിനും 3 വർഷം മുൻപുള്ള ഏപ്രിലിലെ വിഷുദിനത്തിൽ മേടം ഒന്നിനായിരുന്നു. അത് ചൈത്രമാസമായിരുന്നു. ചൈത്രമെന്നാൽ വസന്തത്തിന്റെ മാസം. ഞങ്ങളുടെ ക്ലബ് നാട്ടിൽ വസന്തം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹത്തെ -ചൈത്രത്തെ - വഹിക്കുന്നവളാണ് ഞങ്ങളുടെ ഹൃദയവാഹിനിയായ പുഴ. മലയോരത്തിന്റെ ഈ പുണ്യവാഹിനിക്ക് പേര് ചൈത്രവാഹിനിയെന്ന പേര് അങ്ങനെ ഉറപ്പിച്ചു. അക്കാലത്ത്  മലയാള മനോരമയുടെ ലേഖകനായിരുന്നു ഞാൻ. മനോരമ കണ്ണൂർ യൂണിറ്റിലെ അന്നത്തെ മേധാവി ഇ.സോമനാഥിനും ഈ പേര് ഇഷ്ടമായി. അദ്ദേഹം എല്ലാ പുഴ വാർത്തകളിലും ചൈത്രവാഹിനി എന്നു തന്നെ ചേർത്തു. പത്രവാർത്തകളിൽ പുഴയ്ക്ക് ഒറ്റപ്പേര് ചൈത്രവാഹിനി എന്ന് നൽകിത്തുടങ്ങിയത് പേരിന് അംഗീകാരം കിട്ടാൻ എളുപ്പമായി. പിന്നീട് മറ്റ് പത്രങ്ങളും ചൈത്രവാഹിനി എന്ന് എഴുതിത്തുടങ്ങി. പുങ്ങംചാലിൽ പുഴയ്ക്ക് പാലം വേണമെന്ന ആവശ്യം നിയമസഭയിൽ അവതരിപ്പിക്കവേ അന്നത്തെ തൃക്കരിപ്പൂർ എംഎൽഎ കെ.പി.സതീഷ്ചന്ദ്രൻ ചൈത്രവാഹിനി എന്ന പേര് ഉപയോഗിച്ചത് പാലത്തിന് അനുമതി ലഭിച്ചപ്പോൾ ആ പേരിന് ഔദ്യോഗിക പരിവേഷം ലഭിക്കാനും ഇടയാക്കി. ക്രമേണ ജനമനസ്സുകളിൽ ചൈത്രവാഹിനി ഇടം നേടി.
പേരിടലിന്റെ രജത ജൂബിലി ആഘോഷം ക്ലബ് പ്രവർത്തകർ 4 വർഷം മുൻപ് വള്ളിക്കടവ് കല്ലങ്കയത്ത് ചൈത്രവാഹിനി പുഴയിലിറങ്ങി നിന്ന് കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിച്ചിരുന്നു. ഈ വർഷം ഇന്നലെയാരുന്നു ചൈത്ര പൗർണമി. കോവിഡ് സാഹചര്യമായതിനാൽ ഓൺലൈൻ പരിപാടിയായാണ് പേരിടലിന്റെ 29ാം വാർഷികം ഇന്നലെ ആഘോഷിച്ചത്.
മനോരമ : ഏപ്രിൽ 28, 2021

ചൈത്രധാര തടാകം

പുഴയുടെ പേരിന് പിന്നാലെ ഉൽഭവ സ്ഥാനങ്ങളിലൊന്നായ കോട്ടഞ്ചേരി മല മുകളിലെ ചെറുതടാകം ചൈത്രധാര എന്ന് അറിയപ്പെട്ട് തുടങ്ങി

മാലോം റിവർ ഐലൻഡ്സ്

 ചൈവാഹിനി പുഴയിലെ വള്ളിക്കടവ് സമീപമുള്ള ചെറു തുരുത്തുകൾ മാലോം റിവർ ഐലൻഡ്സ് എന്ന പേരിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രസിദ്ധമായ ഒരിടമായി മാറി. വിവാഹ ഫോട്ടോഗ്രാഫിക്കും, ഒഴിവു സമയം ചെലവിടാനും ഒക്കെയായി ഇന്ന് നിരവധിയാളുകൾ ഇവിടെ എത്തുന്നു.