കുറ്റിക്കോൽ: മലയോര മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കും വോൾട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരമായി കെ.എസ്.ഇ.ബി കുറ്റിക്കോൽ 110 കെ.വി സബ്സ്റ്റേഷൻ യാഥാർഥ്യമായി. വലിയപാറ സബ്സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു. പുതിയ സബ്സ്റ്റേഷനിൽ നിന്ന് ആറ് 11 കെ.വി വിതരണ ഫീഡറുകൾ പുറപ്പെടുന്നതോടെ കുറ്റിക്കോൽ, പെരിയ ബസാർ, രാജപുരം, ബളാന്തോട്, ചട്ടഞ്ചാൽ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിലുള്ള വൈദ്യുതി വിതരണം കൂടുതൽ സുഗമമാകും.കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങൾക്കും പുറമെ കോടോം ബേളൂർ, പുല്ലൂർ-പെരിയ, കള്ളാർ, പനത്തടി എന്നീ മലയോര പഞ്ചായത്തുകളിലെ അമ്പതിനായിരത്തിലധികം ഉപഭോക്താക്കൾക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും

സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും വൈദ്യുതി ഉത്പാദിപ്പിച്ചാൽ മാത്രമേ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരം കാണാൻ സാധിക്കൂവെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ എം.പി പറഞ്ഞു. സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ പായം, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭനകുമാരി എന്നിവർ മുഖ്യാതിഥികളായി. കെ.എസ്.ഇ.ബി നോർത്ത് ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ ഷാജി സുധാകരൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. നിഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ശോഭന, കെ. ഉമാവതി, മാധവി ടി. തോരോത്ത്, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ എസ്. ശിവദാസ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ സി. സുബ്രഹ്മണ്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ഗോപിനാഥൻ നായർ, അഡ്വ. സി. രാമചന്ദ്രൻ, മുഹമ്മദ്കുട്ടി മാസ്റ്റർ, കെ. കുഞ്ഞിരാമൻ, കെ.യു. മാത്യു, നാഷണൽ അബ്ദുള്ള, ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രതിനിധി രത്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.