മാലോം ടോപ്പിൽ നിന്നും അണ്ടോൾ വഴി പുറപ്പെടാൻ നിൽക്കുന്ന ബസ്

മാലോം: തേജസ്വിനി പുഴയുടെ ഓരം ചേർന്ന് പാടവും, തെങ്ങിൻതോപ്പും, വയൽ കൃഷിയിടവും, ഗ്രാമകാഴ്ചകളും നുകർന്ന് മലയോരത്ത് നിന്നും തീരദേശ പാതയിലൂടെയുള്ള ഒരു മനോഹരമായ ബസ് യാത്രയെ പറ്റിയറിയാം. മാലോം ടോപ്പിൽ നിന്നും രാവിലെ 9.05 കഴിയുമ്പോൾ പുറപ്പെടുന്ന KSRTC ബസ്സാണ് പുഴയോര റൂട്ടിലൂടെ സഞ്ചാരിച്ച് നീലേശ്വരത്ത് എത്തുന്നത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ മുക്കടപാലം മുതൽ അരയാക്കടവ് വരെയുള്ള പുഴയോരപാതയിൽ തേജസ്വിനി പുഴയുടെ ഓരം ചേർന്ന് 13 കി.മീ ദൂരമാണ് ഈ ബസ് തേജസ്വിനിക്കരയിലൂടെ കൂടി സഞ്ചരിക്കുന്നത്. ഇതിലെ വേറെയും ചുരുക്കം ബസ് സർവീസ് ഉണ്ട്. ചിലയിടത്ത് തെങ്ങിൻതോപ്പും കൃഷിയിടങ്ങളും കാഴ്ച മറയ്ക്കുമെങ്കിലും മിക്കയിടത്തും പുഴ ദൃശ്യമാവും. വേനൽക്കാലത്തും കുളിർമയേകുന്ന അനുഭവമാണ് ഇതുവഴിയുള്ള യാത്ര. 

കേരളത്തിന്റെ കുടക് എന്നറിയപ്പെടുന്ന, മാലോത്ത് നിന്ന് ആരംഭിക്കുന്ന ബസ് ഭീമനടി വഴി മുക്കട എത്തി അവിടെ നിന്നും തീരദേശ റോഡിലേക്ക് പ്രവേശിക്കും പിന്നീട് വടക്കേ പുലിയന്നൂർ,അണ്ടോൾ, വേളൂർ, പാറക്കോൽ, കീഴ്മാല, കിണാവൂർ എന്നിവിടങ്ങളിലെ വയലുകളും, തേജസ്വിനി പുഴയുടെ തീരങ്ങളിലൂടെയും കടന്നാണ് യാത്ര. പിന്നീട് ചായ്യോത്ത് എത്തി വടക്കൻ മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരം പട്ടണത്തിലാണ് യാത്ര അവസാനിക്കുന്നത്. കയ്യൂർ കയാക്കിങ് പാർക്ക്‌, പാലായി റെഗുലേറ്റർ ബ്രിഡ്ജ്, മുക്കട പാലം, തുടങ്ങി പുഴയോര ടൂറിസം മേഖലയുടെ നട്ടെല്ല് ആയി മാറുകയാണ് ഈ പുഴയോരപാത.