കോളിച്ചാൽ: ലോകത്തെ മികച്ച ശാസ്ത്ര ഗവേഷകരുടെ പട്ടികയിൽ ഇടം നേടി രാജപുരം സെൻറ് പയസ് ടെൻത് കോളേജിലെ അധ്യാപകൻ ഡോ: സിനോഷ് സ്കറിയാച്ചൻ. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും,ലോകപ്രശസ്ത പബ്ലിഷർ എൽസിവിയറും ചേർന്ന് എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരുടെ പട്ടികയിലാണ് രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ഡോ: സിനോഷ് സ്കറിയാച്ചൻ ഇടം നേടിയത്. രാജപുരം ഹോളി ഫാമിലി സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം രാജപുരം സെൻറ് പയസ് ടെൻത് കോളേജിൽ നിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്. തുടർന്ന് മൈക്രോബയോളജിയിലും, ബയോ ഇൻഫോർമാറ്റിക്സിലും കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം കരസ്ഥമാക്കി. ബെൽഗാം വിശ്വേശ്വരയ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. 2008 മുതൽ 12 വർഷം ബംഗളൂരു ദയാനന്ദ സാഗർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. അക്കാലത്ത് നാഷണൽ സെൻട്രൽ ഫോർ ബയോളജിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സഹകരണത്തോടെ 115 ഓളം പ്രബന്ധങ്ങൾ പ്രമുഖ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിച്ചു. 2019 ൽ കോവിഡ് പടരുന്നതിന്റെ രണ്ടുവർഷം മുമ്പ് കോവിഡ് വൈറസിന്റെ ആദ്യ വകഭേദത്തെ കുറിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധം അന്തർദേശീയ തലത്തിൽ ചർച്ചയായിരുന്നു. 2019 മുതൽ രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2022-23 വർഷത്തെ മികച്ച വെബ് ഓഫ് സയൻസ് (എസ്.സി.ഐ) സ്കോപസ് ഗവേഷണ പ്രസിദ്ധീകരണങ്ങളും മികച്ച പേപ്പർ സൈറ്റേഷൻ റിപ്പോർട്ടുമാണ് റാങ്കിന്റെ മാനദണ്ഡം. ബയോമെഡിക്കൽ റിസർച്ചിൽ മൈക്രോബയോളജി എൻവിയോൺമെൻറ് സയൻസ് വിഭാഗത്തിൽ ലോകത്തിലെ 4039-ാം റാങ്കും അദ്ദേഹം നേടി. 2024 ൽ സെപ്റ്റംബർ 16 ന് പ്രസിദ്ധീകരിച്ച ഈ ഡാറ്റാബേസ് എൽ സിവിയർ- സ്കോപസ് വെബ്സൈറ്റിൽ ലഭ്യമാണ്. 2022ൽ രാജ്യത്തെ മികച്ച മൈക്രോബയോളജി അധ്യാപകൻ ആയും തിരഞ്ഞെടുത്തിരുന്നു. ചെറുപനത്തടിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന വി.വി സ്കറിയാച്ചൻ്റേയും, ജാൻസിയുടെയും മകനാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഫാമിലി കൗൺസിലറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോക്ടർ ധന്യാ പി എലിസബത്താണ് ഭാര്യ. ഉജ്ജ്വൽ സിനോഷ് സ്കറിയ, പ്രജ്ജ്വൻ സിനോഷ് സ്കറിയ എന്നിവർ മക്കളാണ്.
0 അഭിപ്രായങ്ങള്