മാലോം: മലയോര ഹൈവേയുടെ(SH59) മരുതോംതട്ട്, കാറ്റംകവല വനപാതകളിൽ നടക്കുന്ന അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നാട്ടുകാർ ജനകീയ സമരസമിതിയുമായി രംഗത്ത്. വനഭൂമി വിട്ടു കിട്ടിയിട്ടും ഹൈവേ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീളുന്നത്തിനെതിരെ മാലോം സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ജനകീയ സദസ്സ് നടത്തി. സമരസമിതി രൂപീകരിച്ച് അശാസ്ത്രീയ നിർമ്മാണങ്ങളുടെയും, അറ്റകുറ്റപ്പണികളുടെ മറവിൽ നടക്കുന്ന അഴിമതി കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനമായി.
കയറ്റത്തിൽ ടാറിങ് തകർന്ന് ഉരുളൻ കല്ലുകളുമായി കിടക്കുന്ന, വാഹനങ്ങൾ പോകാൻ പോലും സാധിക്കാത്ത കോളിച്ചാൽ - മാലോം ഹിൽഹൈവേക്ക് പകരം അടുത്തിടെ നവീകരിച്ച കള്ളാർ - പുല്ലൊടി റോഡാണ് വാഹനങ്ങൾ അധികവും ഇപ്പോൾ ഉപയോഗിക്കുന്നത്. കോടികൾ മുടക്കി നിർമ്മിച്ച മലയോരഹൈവേയുട പ്രയോജനം തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ഇത്രയും ഭാഗം പഴയപടി കിടക്കുന്നത്. കാറ്റംകവല മേഖലയിലും സ്ഥിതിവ്യത്യസ്തമല്ല. ചെറിയ വാഹനങ്ങൾ പലതും കുത്തനെ കയറ്റമുള്ള ചട്ടമല റോഡിനെ ആശ്രയിക്കേണ്ടി വരുന്നു.
ചെറുപുഴ - മാലോം - കോളിച്ചാൽ റീച്ചിൽ 3.100 കിലോമീറ്റർ വനപാതയാനുള്ളത്. ടാറിങ് തകർന്ന ഈ പാതകളിൽ കഴിഞ്ഞ വർഷം 59 ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് ചെയ്‌താണ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കിയത്. ഇപ്പോൾ വീണ്ടും ഈ മഴക്കാലത്ത് തകർന്ന ബാക്കിഭാഗം കോൺക്രീറ്റ് ചെയ്യുന്നതി്ന് 65 ലക്ഷം രൂപ അനുവദിച്ചു. ഇത് വർഷാവർഷം അഴിമതി നടത്തുന്നതിനു വേണ്ടിയാണെന്നും ഈ പണവും കൂടി ഉൾപ്പെടുത്തി കഴിവതും വേഗത്തിൽ മലയോര ഹൈവേ പൂർണമാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
0 അഭിപ്രായങ്ങള്‍