കാറ്റാംകവല: തകരാറിലായ മീറ്റർ മാറുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന് മർദ്ദനം. കാവുംന്തലയിൽ വച്ച് വൈകിട്ട് നാല് മണിയോടെയാണ് നല്ലോമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരൻ അരുണിന് അക്രമം നേരിട്ടത്. സന്തോഷ്‌ ജോസഫ് മാരിപ്പുറം എന്ന വ്യക്തിയാണ് അക്രമം നടത്തിയത്. മീറ്റർ മാറിയശേഷം തിരികെ പോകുന്നതിനായി ബൈക്കിൽ കയറിയ അരുണിനെ പിന്നാലെ ജീപ്പിൽ എത്തി ബൈക്കിന്റെ പിറകിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണ് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു.തലയ്ക്കു പരിക്കേറ്റ അരുണിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.