ചിറ്റാരിക്കാൽ: കോൺഗ്രസ് വിഭാഗത്തിനുള്ള പിന്തുണ സിപിഐഎം പിൻവലിച്ചു. വികസന കാര്യങ്ങളിലെ പിന്നോക്കാവസ്ഥ, ഭരണ നിർവ്വഹണത്തിലെ കെടുകാര്യസ്ഥത, അഴിമതി, ആംബുലൻസ് നടത്തിപ്പിലെ കെടുകാര്യസ്ഥത, പഞ്ചായത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ മോഷണം പോയത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്തുണ പിൻവലിച്ചതെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിന്റെ ബാറ്ററികൾ മോഷണം പോയതിലെ ദുരൂഹത ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.ഇത് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അവമതിപ്പ് സിപിഐഎമ്മിന് വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കോൺഗ്രസിന്റെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോര് പഞ്ചായത്തിലെ ഭരണനിർവ്വഹണം താറുമാറാവുന്നതിനും കാരണമായി.
പഞ്ചായത്തിലെ 16 വാർഡുകളിൽ ഏഴ് വാർഡുകൾ യുഡിഎഫ്, ഏഴെണ്ണം ജെയിംസ് പന്തമ്മാക്കൽ വിഭാഗം രണ്ടെണ്ണം സിപിഐഎം എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സിപിഐഎം അംഗങ്ങളുടെ പിന്തുണയിലാണ് ജോസഫ് മുത്തോലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരം കയ്യാളുന്നത്. സിപിഐഎംന്റെ ഈ തീരുമാനം ഈസ്റ്റ് എളേരിയിൽ പുതിയ രാഷ്ട്രീയമാറ്റത്തിന് വഴിതെളിക്കും.
സിപിഎം ആരോപണങ്ങൾ അടിസ്ഥാനരഹിതം; അഡ്വ.ജോസഫ് മുത്തോലി.
സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിൽ വരുത്തിയ വീഴ്ച യാണ് വികസനത്തിൽ, കുറവ് വന്നിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം. ബാറ്ററിയുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം പോലീസ് നടത്തി കൊണ്ടിരിക്കുന്നുണ്ട്. അതിൽ ഭരണാസമിതിക്ക് ഉത്തരവാദിത്തം ഇല്ല. സിപിഎം ഇപ്പോൾ നടത്തിയിരിക്കുന്നത് ഒരു രാഷ്ട്രീയ നാടകം മാത്രം ആണ്. ചില പ്രത്യേക സാഹചര്യങ്ങളിലാണ് കോൺഗ്രസുകാരനായ തനിയ്ക്ക് സിപിഎം പിന്തുണ സ്വീകരിക്കേണ്ടി വന്നത്. പക്ഷെ ഞാൻ കോൺഗ്രസ് ഔദ്യോഗിക പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും എന്നെ നേതൃത്വം അംഗീകരിക്കുകയും ചെയ്തു. അതിനെ തുടർന്ന് ഉള്ള രാഷ്ട്രീയ നാടകം ആണ് ഇപ്പോൾ നടക്കുന്നതെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജോസഫ് മുത്തോലി പറഞ്ഞു.
0 അഭിപ്രായങ്ങള്