• ജീവനക്കാരായ ഡ്രൈവർ പ്രവീൺ (കുട്ടു) കണ്ടക്ടർ നിർമൽ, ക്ലിനർ ഉണ്ണികൃഷ്ണൻ എന്നിവരുടെ അവസരോചിതമായ ഇടപെടലിന് പ്രശംസ.

വെള്ളരിക്കുണ്ട്: വൈകുന്നേരം കാഞ്ഞങ്ങാട് നിന്നും നീലേശ്വരം വഴി മാലോം കൊന്നക്കാടേക്ക് പുറപ്പെട്ട ശ്രീ മുത്തപ്പൻ (KL 79 A 6677) എന്ന ബസ്സിൽ യാത്ര ചെയ്ത സ്ത്രീക്ക് കുന്നുംകൈ സ്റ്റോപ്പ് വിട്ടതിന് ശേഷം ദേഹാസ്വാസ്ഥ്യം വരികയും തളർന്നു പോകുകയും ചെയ്തു.തുടർന്ന് ബസ്സ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുക എന്ന ഉത്തമ ബോധ്യത്തോടെ ഭീമനടി നിന്നും വരക്കാട് - എളേരി റൂട്ടിൽ മാലോത്തേക്ക് പോകേണ്ടിയിരുന്ന ബസ്സ് റൂട്ട് മാറി ഓടി എവിടെയും നിർത്താതെ അടുത്ത് ഹോസ്പിറ്റൽ ഉള്ള വെള്ളരിക്കുണ്ടിലേക്ക് ചീറിപാഞ്ഞെത്തുകയായിരുന്നു. വേഗത്തിൽ ഹോസ്പിറ്റലിലേക് എത്തിയ ബസ്സിൻ്റെ അടുത്തേക്ക് അവിടെ കൂടിയവർ ഓടിയെത്തുകയും അവരോടൊപ്പം ബസ്സ് ജീവനക്കാരും യാത്രക്കാരും ചേർന്ന് തളർന്നു പോയ യാത്രക്കാരിയെ ബസ്സിൽ നിന്നും എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോവു കയുമായിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടറും ജീവനക്കാരും ആവശ്യമായ എല്ലാ പരിചരണങ്ങൾ നടത്തുകയും ചെയ്തതിന് ശേഷമാണ് ബസ്സ് കൊന്നക്കാടേക്കു പുറപ്പെട്ടത്. തക്ക സമയത്ത് മന:സാക്ഷിയുള്ള ബസ്സ് ജീവനക്കാരുടെ അവസരോചിത ഇടപെടൽ കൊണ്ട് ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ സാധിച്ചു. പലപ്പോഴും മന:സാക്ഷി മരവിച്ചു പോകുന്നവർക്ക് തീർത്തും മാതൃകയാണിത്തരം പ്രവർത്തനങ്ങൾ .