മാലോം: മാലോം പുഞ്ചയിൽ പുലിയിറങ്ങിയതായി സംശയം. പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലോം വലിയ പുഞ്ചയിലെ തകിടിയേൽ മനോജിൻ്റെ പറമ്പിലാണ് ഇന്നലെ പുലർച്ചെ റബർ വെട്ടാൻ പോയ കുഞ്ഞിപുളിയ്ക്കൽ നാരായണൻ പുലിയെ കണ്ടത്. പുലി തന്നെയാണ് എന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുമ്പോഴും കാമറ ഉൾപ്പെടെ സ്ഥാപിച്ച് അന്വേഷിക്കുമെന്ന് മാത്രമാണ് ഡിഎ ഫ്‌ഒ പറഞ്ഞത്. മുൻപും ഇവിടെ പുലി ഉള്ളതായി നാട്ടുകാർ പറയുന്നു.

ഇന്നലെ രാത്രിയോട് കൂടിയാണ് പുല്ലൊടി ടോപ്പിൽ ആന ഇറങ്ങിയത് നാട്ടുകാർ കൂടി പടക്കം പൊട്ടിച്ചും മറ്റും ആനയെ തടയുകയായിരുന്നു. വേനൽ കടുത്തതോടുകൂടി വന്യമൃഗ ഭീതിയിയിരിക്കുകയാണ് മലനാട്. മുമ്പ് ഒന്നുമില്ലാത്തവിധം വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതാണ് ഇവ കാടിറങ്ങുന്നതിന് കാരണം എന്ന് കരുതുന്നു. വന്യമൃഗങ്ങളെ പേടിച്ചു വെളുപ്പിനെ റബ്ബർ ടാപ്പിംഗ്, പാല് വില്പന തുടങ്ങി നിത്യവേലകൾ ഒന്നും ചെയ്യാനാകാതെ വിഷമിക്കുകയാണ് മലയോര ജനത.