ചെറുപുഴ: കൊന്നക്കാട്, വള്ളിക്കടവ്, മാലോം, പറമ്പ, കാറ്റാംകവല, ചിറ്റാരിക്കാൽ തുടങ്ങിയ കിഴക്കൻ മലയോര മേഖലയിൽ നിന്ന് അതിരാവിലെ ചെറുപുഴ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന രീതിയിൽ ദീർഘദൂരം ബസ് ഇല്ലാത്ത സാഹചര്യത്തിൽ പാലാ ഡിപ്പോ ഓപ്പറേറ്റ് ചെയ്യാൻ ആരംഭിച്ച ചെറുപുഴ - പാലാ SF മാലോം ടൌൺ വരെ നീട്ടണമെന്നാണ് മലയോര ജനതയുടെ ആവശ്യം.തിരുവിതാംകൂർ ഭാഗത്തേക്ക്‌ പകൽ സമയം ഈ മേഖലയിൽ നിന്ന് ഓടിയിരുന്ന ഏക ദീർഘദൂര ബസ്സാണ് ചെറുപുഴ വരെയാക്കിയത്. വെള്ളരിക്കുണ്ട് ഭാഗത്ത്‌ നിന്ന് രാവിലെ വയനാട്ടിലേക്ക് ഉൾപ്പെടെ പല ദീർഘദൂര ബസ്സുകളുമുണ്ടെങ്കിലും മാലോം കൊന്നക്കാട് പ്രദേശങ്ങളിൽ നിന്നും നിലവിൽ രാവിലെ ദീർഘദൂര ബസ്സുകൾ ഒന്നും തന്നെയില്ല.

ഈ സാഹചര്യത്തിൽ മലയോര ഹൈവേ വഴി ഈ ബസ് മാലോം വരെ സർവീസ് നടത്തുകയാണെങ്കിൽ രാവിലെ കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ ആശുപത്രിയിൽ പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ ഈ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും ഉപകാരപ്പെട്ടേനെ. ചെറുപുഴ നിന്നും മലയോര ഹൈവേ വഴി മാലോത്തേക്കുള്ള 16 കിലോമീറ്റർ സൂപ്പർഫാസ്റ്റ് ബസിന് അരമണിക്കൂറിൽ താഴെ സമയം കൊണ്ട് എത്തി ചേരാമെന്നതിനാൽ ഏതാനും മിനിറ്റുകൾ മാത്രമേ സർവിസ്ന് അധികമായി വരുകയുള്ളു. പ്രായമായ കുടിയേറ്റക്കാർ ഉൾപ്പെടെ രാത്രി യാത്ര ബുദ്ധിമുട്ടുള്ള നിരവധിയാളുകൾ ഈ പ്രദേശത്തു നിന്നും അങ്കമാലി മൂവാറ്റുപുഴ തൊടുപുഴ പാലാ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉപകാരപ്പെടുന്ന സർവീസായിരുന്നു ഇപ്പോൾ ചെറുപുഴ വരെയാക്കി ചുരുക്കിയത്.