നീലേശ്വരം: മംഗ്ളുറു സെൻട്രൽ - കോയമ്പത്തൂർ - മംഗ്ളുറു സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസിന് (22609/22610) നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ച് റെയിൽവേ ഉത്തരവ് പുറപ്പെടുവിച്ചു. വരുന്ന ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ നീലേശ്വരത്ത് നിർത്തിത്തുടങ്ങും. മംഗ്ളുറു സെൻട്രൽ - കോയമ്പത്തൂർ ട്രെയിൻ ഉച്ചയ്ക്ക് 12.14നും കോയമ്പത്തൂർ - മംഗ്ളുറു സെൻട്രൽ ട്രെയിൻ രാവിലെ 11.30നും നീലേശ്വരത്ത് എത്തിച്ചേരും.

ചെറുവത്തുർ, ചീമേനി, കിനാനൂർ - കരിന്തളം, മടികൈ തുടങ്ങിയ ഇടങ്ങളിലെയും പരപ്പ വെള്ളരിക്കുണ്ട് ഭീമനടി മാലോം ചിറ്റാരിക്കാൽ മുതലായ കിഴക്കൻ മലയോര പ്രദേശങ്ങളിലെയും ജനങ്ങൾ നീലേശ്വരം റെയിൽവേ സ്റ്റേഷനെയാണ് ഏറെ ആശ്രയിക്കുന്നത്. ഇന്റർസിറ്റി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചതോടെ യാത്രാദുരിതത്തിന് അൽപമെങ്കിലും ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.