മാലോം: കർഷകർ നേരിടുന്ന വിവിധ കൃഷി നാശങ്ങളെ കുറിച്ചും കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും സമഗ്രമായ ചർച്ചകൾ നടന്ന കേന്ദ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതിയുടെ ക്യാമ്പിൽ വെച്ച് കൊന്നക്കാട് കർഷകർ ഈ ആവശ്യം ഉന്നയിച്ചത്. വടക്കൻ മലബാറിൽ തന്നെ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാലോം വില്ലേജിലെ ഉയർന്ന മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചാൽ ഉരുൾപൊട്ടൽ, മേഘസ്ഫോടനം, അതിതീവ്രമഴ അനുബന്ധമായി ഉണ്ടാകുന്ന കൃഷിനാശം, അപകടങ്ങൾ തുടങ്ങി മഴക്കെടുതി നേരിടുന്ന മലനാട് മേഖലയിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും.

താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ നിലവിൽ വെതർ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും താഴ്ന്ന മലയോര പ്രദേശത്തെയും, പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന മലനാട് മേഖലയിലെയും കാലാവസ്ഥ വ്യത്യസ്തമാണ് എന്നതിനാൽ കുടക് ജില്ലയോട് അതിർത്തി പങ്കിടുന്ന മാലോം വില്ലേജ് ഉൾപ്പെടുന്ന മലനാട് മേഖലയിലെ കാലാവസ്ഥാ നിരീക്ഷണം കൃത്യമല്ല. അതിനാൽ മാലോം വില്ലേജ് പരിധിയിൽ വെതർ സ്റ്റേഷൻ സ്ഥാപിക്കാൻ ജില്ലാ കൃഷി ഓഫീസർക്ക് നിവേദനം നൽകണമെന്നും കർഷകർ അവശ്യപ്പെട്ടു. ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.