മാ​ലോം: ഹിൽഹൈ​വേ​യുടെ ചെ​റു​പു​ഴ മാ​ലോം പാ​ത​യി​ല്‍ യാ​ത്രാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നാ​ട്ടു​കാ​രു​ടെ യാ​ത്ര ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി കൂ​ടു​ത​ല്‍ ബസ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നാവശ്യം. ഈ മേഖലയിലെ ആളുകധികവും ആശുപത്രിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്നത് മലയോര പട്ടണമായ ചെറുപുഴ ടൗണിനെയാണ്. 

രാ​വി​ലെ 7.15 ന് ചെറുപുഴ നിന്നും, 8.20ന് ​ചി​റ്റാ​രി​ക്കാ​ലി​ൽനിന്നുമായി രണ്ട് സർവീസുകൾ മാത്രമാണ് രാവിലെ ഹൈവേ വഴി മാ​ലോ​ത്തേ​ക്കു​ള്ളത്. പിന്നീട് മാലോത്തേക് ഒരു ബസ് കിട്ടണമെങ്കിൽ ഉ​ച്ച​യ്ക്ക് 1.40നു ചെറുപുഴയിലെത്തുന്ന ​പയ്യന്നുർ - മാലോം കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സാണുള്ളത്. അ​തുപോ​ലെ രാ​വി​ലെ 9.50ന് ​മാലോം ടൗണിൽ നി​ന്ന് ചെ​റു​പു​ഴ​ക്കു​ള്ള സ്വകാര്യ ബ​സ് പു​റ​പ്പെ​ട്ടാ​ല്‍ അ​ടു​ത്ത ബ​സി​നാ​യി ഉച്ച​തി​രി​ഞ്ഞ് 1.20 വ​രെ കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മലനാട് മേഖലയിലെ രോഗികളടക്കമുള്ള യാ​ത്ര​ക്കാ​ർ. പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉൾപ്പെടെയുള്ള ആശുപ​ത്രി​കളിൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളും , വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നുമൊക്കെയായി വൈകി എത്തുന്ന മാലോം ഭാഗത്തേക്ക്‌ ഉള്ള യാത്രകാർക്കും ഏറെ ഉപകാരപെട്ടിരുന്ന രാത്രി 8.20ന് ചെറുപുഴ നിന്നും പുറപ്പെട്ടു 9 മണിയോടെ മാലോത്തേക്ക് ​എത്തിയി​രു​ന്ന അവസാന കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ്, നിർത്തലാക്കിയത് മൂലം ഇപ്പോൾ വൈ​കുന്നേരം 6.10ന് ഉള്ള മാലോം ബസ് കഴിഞ്ഞാൽ വേറെ യാത്ര മാർഗമില്ല എന്ന അവസ്ഥയാണ്. ഇത് കണ്ണൂരിൽ നിന്നും മറ്റും വരുന്ന രോഗികളെയും പെൺകുട്ടികളടക്കം വൈകി എത്തുന്ന വിദ്യാർത്ഥികളെയും സാരമായി ബാധിക്കുന്നു. ഇവരൊക്കെ ടാ​ക്‌​സി വി​ളി​ച്ച് നാ​ട്ടി​ല്‍ എ​ത്തേ​ണ്ട ദു​സ്ഥി​തി​യാണ് നിലവിലുള്ളത്.ഹിൽ ഹൈവേക്ക് പുറമെ ചിറ്റാരിക്കാൽ നർക്കിലക്കാട് എളേരി വഴിയും ചെറുപുഴ - മാലോം സർവിസുകൾ തുടങ്ങായാൽ എളേരി പുങ്ങംചാൽ നട്ടക്കൽ തുടങ്ങിയ ഇടങ്ങളിലെ ആളുകൾക്ക് ആ വഴിയുള്ള സർവീസ് ഉപകാരപ്പെടും.

ഈ ​മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ങ്ങ​ളായ മാ​ലോം- ചെറുപുഴ -​ പാൽചുരം - വ​യ​നാ​ട്, അ​ന്ത​ര്‍ ജി​ല്ലാ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​സും മാ​ലോം -​ചെറുപുഴ -​ ക​ണ്ണൂ​ര്‍ സ​ര്‍​വീ​സും ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. നിലവിൽ കൊട്ടിയൂർക്ക് ഉള്ള സ്വകാര്യ ബസും, പാലാക്ക് ഉള്ള സൂപ്പർഫാസ്റ്റും വെള്ളരിക്കുണ്ട്, ഭീമനടി ചുറ്റി ആയതിനാൽ മലനാട് മേഖലയ്ക്ക് പ്രയോജനപ്പെടുന്നില്ല. ഇവ സമയം നഷ്ടവും, യാത്രദൂരവും, ടിക്കറ്റ് ചാർജും ജനങ്ങൾക്ക് നഷ്ടമുണ്ടക്കുന്നു. 

മരുതോം ഭാഗം ഉൾപ്പെടെയുള്ള മലയോര ഹൈവേയുടെ പണി അനന്തമായി നീണ്ടു പോകുന്നതും മാലോം ടൗണിൽ ബസ് സ്റ്റാൻഡും പാർക്കിംഗ് സൗകര്യങ്ങളൊന്നും, പഞ്ചായത്തും മറ്റ് അധികൃതരും ഒരുക്കാത്തതും കൂടുതൽ സർവീസുകൾ ഹിൽ ഹൈവേ വഴി തുടങ്ങുന്നതിൽ തിരിച്ചടിയാണ്. പലപ്പോഴും മാലോം ടൗണിൽ ചെറുപുഴക്കുള്ള ബസ് പാർക്കിങ്ങിന് നൽയിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങൾ അനധികൃതമായി പാർക്ക്‌ ചെയുന്നത് മൂലം ബസ് നിറുത്താൻ സ്ഥലമില്ലാതെ തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്. 

മലയോരത്തെ യാത്ര ദുരിതം കാണിച്ച് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റണി രാ​ജു​വി​ന് ​ മാലോം സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കഴിഞ്ഞ ദിവസം നി​വേ​ദ​നമൊക്കെ നൽകിയെങ്കിലും ഇതുവരെ യാത്ര ദുരിതത്തിന് നടപടിയൊന്നും കണ്ടില്ല.