മാലോം ഗ്രാമത്തിൽ നിരവധി വിനോദസഞ്ചാര സാധ്യതകളുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, കോട്ടഞ്ചേരിയിൽ ഉൾപ്പെടെ പലയിടത്തും വനംവകുപ്പിന്റെ അനുമതി കിട്ടാത്തതുമാണ് ഇവിടുത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് തിരിച്ചടിയാകുന്നത്.സാഹസിക ടൂറിസത്തിനും, മൺസൂൺ ടൂറിസത്തിനും, ഹണിമൂൺ പാക്കേജുകൾക്കു മെല്ലാം മികച്ച സാധ്യതകളാണ് മാലോത്തെ വിവിധ വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങൾ തുറന്നിടുന്നത്. കോട്ടൻഞ്ചേരി വനമേഖലയുടെ ഭാഗമായ കൂമ്പൻ മലയും കാന്തൻപാറയും മൺസൂൺകാലത്ത് മലമുകളിൽ രൂപപ്പെടുന്ന ചൈത്രധാര തടാകവും പന്നിയാർമാനിയുമെല്ലാം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. അപൂർവയിനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും സാന്നിധ്യം ഗവേഷകർക്കും ആകർഷണമാകും. കഴിഞ്ഞ ദിവസം ചേർന്ന വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം കോട്ടഞ്ചേരിയുടെ കാര്യങ്ങളിലെ തുടർ നടപടികൾക്കാക്കായി റവന്യു-വനം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ തോടൊപ്പം സഞ്ചാരികളുടെ സഹായത്തിനുകൂടി ഉതകുന്ന വിധത്തിൽ വനസംരക്ഷണ സമിതി രൂപീകരിക്കണമെന്നും കാടിനുള്ളിൽ സുരക്ഷിത സഞ്ചാരത്തിന് ആദിവാസികളുടക്കമുള്ള ഗൈഡുകളുടെ സഹായം ലഭ്യമാക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.
ഇതോടൊപ്പം വനത്തിനടുത്തുള്ള ഒരേക്കർ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ സഞ്ചാരികൾക്ക് താമസത്തിനും ഭക്ഷണത്തിനുമടക്കമുള്ള സൗകര്യമൊരുക്കാനാണ് ബളാൽ പഞ്ചായത്ത് പദ്ധതിയിടുന്നത്. കോട്ടഞ്ചേരിക്കു സമീപമുള്ള സ്വകാര്യ ഭൂമികളും ഫാമുകളും കേന്ദ്രീകരിച്ച് സ്വകാര്യ സംരംഭകർ നേരത്തേ കോട്ടേജുകളും ടെന്റുകളും നിർമിച്ചിരുന്നു. ഇവിടേക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നും കൂടുതൽ സഞ്ചാരികളെത്തുന്നതും മാലോം ഗ്രാമത്തിലെ മറ്റ് ടൂറിസം പ്രദേശങ്ങൾകൂടി വികസിക്കുന്നതും കാസറഗോഡ് ജില്ലയുടെ തന്നെ മലയോര ടൂറിസത്തിന് മുതൽക്കൂട്ടാണ്.
0 അഭിപ്രായങ്ങള്‍