File image

മാലോം: മലയോര ഹൈവേ നാലാംഭാഗം നിർമാണം അവതാളത്തിൽ. പണി തീർക്കാൻ നിലവിലെ പൊതുമരാമത്ത് നിരക്ക് ലഭിക്കണമെന്ന ആവശ്യവുമായി തൊഴിൽ കരാർസംഘമായ യു.എൽ.സി.സി. സാമ്പത്തിക ക്ലേശത്തിനിടയിൽ അടങ്കലിൽ വൻവർധന വരുത്താനാകാതെ കിഫ്ബിയും കെ.ആർ.എഫ്.ബി.യും. ഹിൽ ഹൈവേ പൂർത്തിയാക്കൽ സർക്കാരിന് വെല്ലുവിളിയായി. ഇതിനൊപ്പം ഹിൽ ഹൈവേയിൽ അപകടങ്ങൾ ആവർത്തിക്കുന്നതിനെപ്പറ്റിയുള്ള പരാതികളും. മരുതോത്തും കാറ്റാംകവല തട്ടിലും വനഭൂമി വിട്ടുനൽകാൻ വൈകിയത് നിർമാണവേഗം കുറച്ചു. മൂന്നുകിലോമീറ്റററോളം ഒരു ഹെക്ടറിൽ താഴെ ഭൂമിയാണ് വിട്ടുനൽകേണ്ടിയിരുന്നത്. കുരുക്കഴിച്ച് വനം വകുപ്പിൽനിന്ന് നിർമാണാനുമതി ലഭിക്കാൻ വളരെ വൈകി. നിർമാണച്ചെലവ് കൂടിയതിനാൽ അടങ്കൽ പുതുക്കണമെന്ന് ആവശ്യമുയർന്നു. 18 ശതമാനം ജി.എസ്.ടി. കൂടി ഏർപ്പെടുത്തിയതോടെ കരാർ ഏറ്റെടുത്ത യു.എൽ.സി.സി. പ്രതിസന്ധിയിലായി.

ജില്ലയിൽ 127.42 കിലോ മീറ്റർ ഹൈവേയിൽ കോളിച്ചാൽ മുതൽ ജില്ലാ അതിർത്തിയായ ചെറുപുഴ വരെയുള്ള ഭാഗത്താണ് നിർമാണം വഴിമുട്ടിയത്. 82 കോടിയായിരുന്നു കരാർതുക. ആദ്യഘട്ടത്തിൽ പണി വേഗത്തിൽ നീങ്ങി. 96 കോടിയായി തുക വർധിപ്പിച്ചെങ്കിലും മതിയായില്ല. നിലവിലെ നിരക്കനുസരിച്ച് തുക ആവശ്യമാണെന്ന് നിർമാണസംഘം ആവശ്യപ്പെട്ടുന്നു. ഇതനുസരിച്ച് 109.27 കോടിയുടെ അടങ്കൽ ഇപ്പോൾ കെ.ആർ.എഫ്.ബി. തയ്യാറാക്കിയിട്ടുണ്ട്.

കാറ്റാംകവല ഇറക്കത്തിൽ കാലവർഷത്തിൽ ഹൈവേ പകുതിയോളം തകർന്നത് ഇതുവരെ നന്നാക്കിയില്ല. അപകടങ്ങൾ ആവർത്തിക്കുന്ന വളവിൽ പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. മരുതോത്തും കാറ്റംകവലയിലും പൊളിഞ്ഞ റോഡ് മൂലം നിലവിൽ ഉണ്ടായിരുന്ന യാത്ര സംവിധാങ്ങൾ കൂടി ഇല്ലാണ്ടായി എന്നത് മാത്രമാണ് ഏറെ കൊട്ടിഘോഷിച്ച മലയോരഹൈവേ മൂലം ഈ പ്രദേശത്ത് സംഭവിച്ചത്. വാഹനയാത്രക്കാർ ഭീതിയോടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞദിവസം വീണ്ടും ഒരു സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ മരിച്ചു. നിർമാണത്തിലെ അപാകം പരിശോധിക്കണമെന്ന ആവശ്യത്തിലാണ് യാത്രക്കാർ.