മാലോം: നിലവിലുള്ള റോഡുകൾ കൂടി പൊളിഞ്ഞു തകർന്നതോടെ മലയോര ഹൈവേയിലെ നിർമ്മാണം തുടങ്ങാത്ത വനമേഖലയിലെ യാത്ര ദുഷ്കരമായി. വനഭൂമി കൈമാറിയിട്ടും പ്രവർത്തികൾ തുടങ്ങാതെ കരാറുകാരും സർക്കാരും ജനങ്ങളെ പരീക്ഷിക്കുന്നതിന്റെ അമർഷത്തിലാണ് മലയോരനിവാസികൾ. 

മാലോം ഭാഗത്ത്‌ കാറ്റംകവലയിലും, ചുള്ളി,മരുതോം പ്രദേശത്തുമാണ് പണി ഇനിയും ആരംഭിക്കാത്തത്. ഇവിടെങ്ങളിലുള്ള റോഡ് പൊളിഞ്ഞു തകർന്നു എന്നത് യാത്രകാരെ വല്ലാതെ വലക്കുന്നു. ആദ്യഘട്ടങ്ങളിൽ പ്രക്ഷോഭങ്ങൾ നടത്തിയ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ഏതാണ്ട് മൗനത്തിലാണ്. അന്തർസംസ്ഥാന ശബരിമല യാത്രക്കാർ അടക്കം വലിയ വാഹനങ്ങളുമായ് വരുന്നവരും മറ്റും പൊട്ടിപ്പൊളിഞ്ഞ ഇവിടുത്തെ റോഡുകളിൽ കുടുങ്ങുന്നതിപ്പോൾ നിത്യസംഭവമാണ്.

പലയിടത്തും പൊളിഞ്ഞ റോഡ് മൂലം നിലവിൽ ഉണ്ടായിരുന്ന യാത്ര സംവിധാങ്ങൾ കൂടി ഇല്ലാണ്ടായി എന്നത് മാത്രമാണ് ഏറെ കൊട്ടിഘോഷിച്ച മലയോരഹൈവേ മൂലം ഈ പ്രദേശത്ത് സംഭവിച്ചത്. മുൻപ് കോളിച്ചാൽ നിന്നും മാലോം പ്രദേശത്തെ പുല്ലൊടിക്ക് സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ പലതും സർവീസ് നിർത്തിയവസ്ഥയാണ്. കാറ്റംകവലയിൽ ബസ് പുറകിലേക്ക് വന്ന് ബൈക്കിൽ ഇടിച്ചു അപകടമുണ്ടായി ഒരാൾ മരണപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങാൻ ഒരു നീക്കവുമില്ലാത്ത മട്ടാണ്. ദിവസേന നിരവധി അപകടങ്ങലാണ് തകർന്ന റോഡുകളിൽ ഉണ്ടാകുന്നതെങ്കിലും കണ്ടില്ലെന്ന് നടിക്കലാണ് നിലവിൽ അധികൃതർ.