മാലോം: വാരാന്ത്യമായതോടെ ജനസാഗരമായി മാലോം ഫെസ്റ്റ് തളിര് കാർഷിക മേള. ഈ ദിവസങ്ങളിൽ മലയോരത്ത് നിന്നും കണ്ണൂർ കാസർകോട് ജില്ലകളുടെ മറ്റു ഭാഗങ്ങളിൽ നിന്നുമായി മലനാടിന്റെ സിരാകേന്ദ്രമായ മാലോത്തേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ഈ വർഷത്തെ മാലോം ഫെസ്റ്റ്ന്റെ സമാപനം 15ന് ഞായറാഴ്ചയാണ്. ദിവസേന സായാഹ്നങ്ങളിൽ വൻ ജനാവലിയാണ് തളിര് നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സംഘാടക മികവുകൊണ്ടും, പ്രദർശന മികവുകൊണ്ടും ജനശ്രദ്ധയാകർഷിച്ച് മുന്നേറുന്ന മലയോര കാർഷികോത്സവത്തിന് കർണാടകയിൽ നിന്നുപോലും ആളുകൾ എത്തുന്നു.

പ്രകൃതിരമണീയത കൊണ്ട് കേരളത്തിന്റെ കൂർഗ് എന്നറിയപ്പെടുന്ന മാലോത്തിന്റെ കാർഷിക മണ്ണിൽ ഒരുക്കിയിരിക്കുന്ന കാർഷിക പ്രദർശനം കൃഷിക്കാർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും, വിദ്യാർത്ഥികൾക്കും ഒട്ടേറെ പുതിയ അറിവുകൾ പകർന്നു നൽകുന്നതും നാടിന്റെ ടൂറിസം വളർച്ചക്ക് സഹായകരവുമാണ്. ജില്ലയുടെ പ്രധാന ഹിൽ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി വളർന്ന് വരുന്ന മാലോത്തിന്റെ ടൂറിസം സാധ്യതകൾ തുറന്നുകാട്ടുന്നതിന്റെ ഭാഗമായി സോൾ ഓഫ് ഹിൽസ് ഒരുക്കിയ ടൂറിസം പവലിയനും, 'ഐ ലവ് മാലോം' പാർക്കും ജനശ്രദ്ധയാകർഷിച്ചു.

ജെയിന്റ് വീൽ, മരണക്കിണർ, ടോയ് ട്രൈയിൻ തുടങ്ങി നിരവധി റൈഡുകളാൽ ജില്ല കണ്ടിട്ടുള്ളതിൽ വച്ച് തന്നെ വലിയ അമ്യൂസ്മെന്റ് പവലിയനാണ് മേളയിൽ അണിനിരത്തിയിരിക്കുന്നത്. ദിവസേനയുള്ള സ്റ്റേജ് ഈവന്റ്സ് കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരമായപ്പോൾ മേളയിലെ നിരവധി കരകൗശല വസ്തുക്കളുടെ പ്രദർശനം അത്തരം കഴിവുള്ള വ്യക്തികൾക്ക് അവസരത്തിന്റെ വലിയൊരു വാതിൽ തന്നെ തുറന്നിടുന്നു.