മാലോം: മാലോം വള്ളിക്കടവിൽ 60 വർഷമായി തലയുയർത്തി നിൽക്കുന്ന പബ്ലിക് ലൈബ്രറി & റിക്രിയേഷൻ ക്ലബ്ബ് പുനർനിർമിച്ചു. മാലോം സെന്റ് ജോർജ് ഇടവക വികാരി ഫാ. ജോസഫ് വാരണത്ത് ഉത്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം മലയോരത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം നാടിന്റെ സ്നേഹവും കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് വള്ളിക്കടവ് ഭാഗത്തു നിന്നും മാലോം ടൗണിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ ക്രിസ്മസ് കരോളും ശ്രദ്ധേയമായി.

മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ക്ലബിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയിരുന്നു. 1964ലിൽ മാലോത്തെ കുടിയേറ്റ കർഷകൻ പേണ്ടാനത്ത് വർക്കി സംഭാവനയായി നൽകിയ സ്ഥലത്താണ് ക്ലബ് സ്ഥിതി ചെയ്യുന്നത്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ അച്ചടിമാധ്യമങ്ങൾ പോലും അന്യമായിരുന്ന കാലത്ത് പ്രദേശത്തെ സാധാരാക്കാരുടെ ആശയമായിരുന്നു ഈ ക്ലബ്. അന്ന് ക്ലബിനോട് ചേർന്ന സ്ഥാപിച്ച കോളാമ്പി മൈക്കിലൂടെയുള്ള റേഡിയോ വാർത്തകളും അറിയിപ്പുകളും നൽകിയിരുന്നു.