പറമ്പ(മാലോം): അതീവദുഷ്കര പാതയായി തുടരുന്ന വെസ്റ്റ്‌എളേരി പഞ്ചായത്ത് പത്താം വാർഡിലെ ചട്ടമല വെളിച്ചാംതോട് പറമ്പ റോഡ് മലയോര പ്രദേശങ്ങളോടുഉള്ള വികസന അവഗണനയുടെ മികച്ച ഉദാഹരണമാണ്. കഴിഞ്ഞ 31 വർഷമായി നല്ലൊരു റോഡിനായുള്ള ഇവരുടെ കാത്തിരിപ്പ് തുടങ്ങിട്ട്. 1990 കാലഘട്ടത്തിൽ കുടിയേറ്റകർഷകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി നിർമ്മിച്ച റോഡ് പിന്നീട് വെസ്റ്റ് എളേരി പഞ്ചായത്തിന് കൈമാറ്റം ചെയ്തുവെങ്കിലും വർഷങ്ങളായി കാൽനട യാത്ര പോലും സാധ്യമാകാത്ത രീതിയിൽ ഉപേക്ഷിച്ചമട്ടാണ്. ആശുപത്രി ആവശ്യങ്ങൾക്കോ മറ്റു അടിയന്തിര സാഹചര്യങ്ങളിലോ കാൽനട യാത്ര തന്നെ ശരണം. ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള യാത്ര ദുർഘടം നിറഞ്ഞതാണ്. പ്രായം ചെന്നവർ, രോഗികൾ, ഭിന്നശേഷിക്കാർ, ഒട്ടേറെ പട്ടികവർഗ കുടുംബങ്ങൾ അടക്കമുള്ള ഇവിടുത്തെ പ്രദേശവാസികൾക്ക് പുറം ലോകത്തെത്താൻ ആശ്രയിക്കുന്ന റോഡിനാണ് ഈ ദുർഗതി. മഴക്കാലമായാൽ ഈ പ്രദേശം തീർത്തും ഒറ്റപ്പെട്ടു പോകും കാൽനട യാത്ര പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങൾ.

വെസ്റ്റ് എളേരി പഞ്ചായത്ത് പറമ്പ മേഖലയോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു നേർചിത്രം കൂടിയാണ് 31 വർഷമായി തകർന്നുകിടക്കുന്ന പ്രസ്തുത റോഡ്. ബളാൽ, വെസ്റ്റ് എളേരി പഞ്ചായത്തുകൾ വിഭജിച്ച് കിഴക്കൻ മലയോര മേഖലയായ മാലോം (മാലോത്ത് വില്ലേജ് ) കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യവും ഈ പ്രദേശത്തുനിന്ന് ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിലവിൽ എന്തിനുമേതിനും കിലോമീറ്ററുകൾ താണ്ടി ഭീമനടി വരെ യാത്ര ചെയ്യേണ്ട ആവശ്യവും ഇവിടെയുള്ളവർ നേരിടുന്നു.