മാലോം: മൺസൂൺ കാലയളവിൽ മലനാട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികളിൽ വർദ്ധനവ് ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുകയാണ് മലനാടും, മാലോം ടൗണും. മലയോര ഹൈവേയുടെ വരവോടെ ഈ മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണവും കൂടിവരുന്നു. എന്നാൽ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ വളരെ പിന്നിലാണ് ഈ പ്രദേശം എന്ന് തന്നെ പറയാം.

മരുതോം, കോട്ടൻചേരി, എടക്കാനം തുടങ്ങിയ മലനാട് പ്രദേശങ്ങളാണ് മാലോത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരം. നിരവധിയായ വെള്ളച്ചാട്ടങ്ങളും, വ്യൂ പോയിന്റ്കളും, മലനിരകളും മലനാടിന്റെ പ്രകൃതിരമണീയമായ വശ്യചാരുത വിളിച്ചോതുന്നവയാണ്. എന്നാൽ ഇത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്കായി ചുരുക്കം റിസോർട്ടുകളും, ഹോം സ്റ്റേകളും മാത്രമാണ് ഇവിടുള്ളത് എന്നതും പല സ്പോട്ട്കളെ കുറിച്ചും അറിയാൻ മാർഗ്ഗമില്ല എന്നതും സഞ്ചാരികൾക്ക് തിരിച്ചടിയാണ്. 

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന, മാലോം ഗ്രാമത്തെയും റാണിപുരത്തെയും ബന്ധിപ്പിക്കുന്ന കേബിൾ കാർ പദ്ധതിയും, എടക്കാനം ടൂറിസം പദ്ധതിയും ഇപ്പോഴും കടലാസ്സിൽ തന്നെ ഉറങ്ങുന്നു. മാലോം ഗ്രാമത്തിലെ കോട്ടഞ്ചേരി, പന്നിയാർമാനി, മരുതോംമാനി തുടങ്ങിയ പുൽമേടുകൾ, ട്രക്കിങ് പാത്തുകൾ എല്ലാം ഏറെക്കുറെ വനഭൂമി ആണെന്ന കാരണത്താൽ അടഞ്ഞ മട്ടാണ്. ഇവയൊക്കെ വനം വകുപ്പുമായി ചേർന്ന് റാണിപുരം മാതൃകയിൽ വികസിപ്പിച്ചാൽ മലനാടിന് ഏറെ നേട്ടമാകും. മലയോര ഹൈവേ കടന്നുവരുന്ന വനപ്രദേശങ്ങളായ മരുതോം, കാറ്റാംകവല മേഖലയിലെ പണി നടക്കാത്തത് മൂലം വലിയ വാഹനങ്ങൾക്ക് മലയോര ഹൈവേ ഉപയോഗിക്കനെ സാധിക്കുന്നില്ല.

മാലോം ടൗണിലെ പാർക്കിംഗ് അസൗകര്യവും ഗതാഗതക്കുരുക്കുമാണ് മറ്റൊരു തിരിച്ചടി. പുറത്ത് നിന്നെത്തുന്ന ഒരാൾക്ക് വാഹനം വെക്കാനോ എന്തെങ്കിലും വാങ്ങാനോ സാധിക്കാത്ത രീതിയിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് മലനാടിന്റെ സിരാകേന്ദ്രമായ മാലോം ടൗൺ. ഇത് മാലോത്തെ വ്യാപാരസ്ഥാപനങ്ങളെയും സാരമായി ബാധിക്കുന്നു. ബസ് സ്റ്റാൻഡ്, നാഷണലൈസ്ഡ് ബാങ്ക്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ തുടങ്ങിയവയൊന്നും ഇതുവരെ മാലോത്ത് യാഥാർഥ്യമായിട്ടില്ല.