മാലോം: കൊന്നക്കാട് കോട്ടഞ്ചേരി മലനിരകളിൽ പാമത്തട്ടിൽ ക്വാറി സ്ഥാപിക്കുന്നതിനെതിരേ നടന്നുവരുന്ന സമരത്തിന് ഊർജം പകരാൻ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ കൊന്നക്കാട്ടെത്തി. ഇന്നലെ ഉച്ചയോടെ കൊന്നക്കാട്ടെത്തിയ അദ്ദേഹം പദ്ധതി വന്നാൽ ദുരിതമനുവിക്കേണ്ടി വരുന്ന മേഖലകളിൽ സന്ദർശനം നടത്തി.

വാദ്യമേളങ്ങളുടെയും പരുന്താട്ടം, കോൽകളി, കാ ളിയാട്ടം തുടങ്ങി നിരവധി നാടൻകലാരൂപങ്ങളുടെയും അകമ്പടിയോടെ കൊന്നക്കാട് ടൗണിൽ നിന്നും പ്രശാന്ത് ഭൂഷണെ സ്വീകരിച്ചു. സാംസ്കാരിക സമരഘോഷയാത്രക്ക് ശേഷം കൊ നാട് ചൈതവാഹിനി ഫാർമേഴ്സ് ക്ലബ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രശാന്ത് ഭൂഷൺ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ തകർക്കുന്ന ഖനനത്തിനെതിരേ നടക്കുന്ന ജനകീയ സമരത്തോടൊപ്പം തന്റെ എല്ലാ കഴിവും പ്രയോജപ്പെടുത്തി നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സണ്ണി പൈകട സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർഷകസമര നേതാക്കളായ പി.ടി.ജോൺ, അഡ്വ.ജോൺ ജോസഫ് , പഞ്ചായത്ത് മെമ്പർ മോൻസി ജോയി, വിവിധ പരിസ്ഥിതി പൗരാവകാശ സംഘടനാ നേതാക്കളായ ടി.പി.പത്മനാഭൻ , അഡ്വ.ടി.വി.രാജേന്ദ്രൻ, പ്രൊഫ.എം.ഗോപാലൻ, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, പി.വി.സുധീർ കുമാർ, കെ.പ്രവീൺകുമാർ മതനേതാക്കളായ മുഹമ്മദ് റാശിദ് സഖാഫി, സി.എം.ഗംഗാധരൻ, ഫാ.ആൻ്റ്ണി പള്ളിക്കുന്നേൽ, സുരേഷ് പത്രവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.