പാണത്തൂർ : പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരണപ്പെട്ടു. 5 പേർക്ക് സാരമായി പരിക്കേറ്റു. പാണത്തൂർ കുണ്ടുപള്ളി സ്വദേശികളായ മോഹനൻ വയസ്സ് 40, ബാബു വയസ്സ് 45, വെങ്കപ്പു വയസ്സ് 47, നാരായണൻ 50 എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കല്ലേപള്ളിയിൽ നിന്നും പാണത്തൂർ ടൗണിലേക്ക് മരവുമായി വരുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.  രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.