മാലോം : ലാഭകരമല്ലാത്തത്തിന്റെ പേരിൽ എ. ടി. എം  കൗണ്ടർമെഷീൻ എടുത്തു കൊണ്ടുപോകുവാനുള്ള ബാങ്ക് അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച വെകിട്ട് ആറു മണിയോടെ മാലോം വള്ളിക്കടവ് ജംഗ്ഷനിലാണ്  സംഭവം. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ വള്ളിക്കടവ് ബാങ്ക് പരിസരത്തെ എ. ടി. എം. കൗണ്ടർ ആണ് ബാങ്കുമായി ബന്ധപ്പെട്ട സ്വകാര്യ ഏജൻസി അടച്ചു പൂട്ടാൻ എത്തിയത്. എന്നാൽ വിവരം അറിഞ്ഞു തടിച്ചു കൂടിയ, ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അടക്കമുള്ള നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും  ഈ ശ്രമം തടയുകയും ആയിരുന്നു. നിലവിൽ മാലോം ടൗണിലുള്ള എ. ടി. എംമുകൾ കഴിഞ്ഞാൽ കർണാടക അതിർത്തി വരെയുള്ള ഏകദേശം 15 കിലോമീറ്ററോളമുള്ള സ്ഥലങ്ങളിലെ ജനങൾക്ക് ഏക ആശ്രയമാണ് കേരള ഗ്രാമീൺ ബാങ്കിന്റെ വള്ളിക്കടവ് ജംഗ്ഷനിലുള്ള മലയോര ഹൈവേയുടെ ഓരത്തിരിക്കുന്ന ഈ എ. ടി. എം കൗണ്ടർ.

കഴിഞ്ഞഒരാഴ്ചയായി ഈ കൗണ്ടറിൽ പണം നിക്ഷേപിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ബാങ്ക് അധികൃതർ എ. ടി. എം. കൗണ്ടർ മാറ്റുന്നതിന് കൂട്ട് നിൽക്കുക യായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനിടയിൽ എ. ടി. എം. കൗണ്ടർ അധികൃതരുമായി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവർ നടത്തിയ ചർച്ചയെ തുടർന്ന് നിലവിൽ എ. ടി. എം കൗണ്ടർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.