ചെറുപുഴ: 1980-ലെ ഇന്ത്യൻ വനസംരക്ഷണനിയമത്തിന് ഭേദഗതി വരുത്താനൊരുങ്ങുകയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.
നിയമേഭദഗതിയിലെ ഒന്നാം പോയിന്റായി പറയുന്നത് റോഡുകൾക്കും റെയിൽവേ വികസനത്തിനും വേണ്ടി ഏറ്റെടുത്ത സ്ഥലം കാടുപിടിച്ച് വനം എന്നറിയപ്പെട്ടാലും ഏറ്റെടുത്ത അവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നാണ്. ഇതിനോടൊപ്പം റോഡ് വികസന പ്രവര്‍ത്തികള്‍ക്കായി വനഭൂമി ഉപയോഗിക്കുന്നതിന് വനസംരക്ഷണനിയമത്തില്‍ കൂടുതല്‍ ഭേദഗതികള്‍ പ്രാബലത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടെ നിലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേയും, കാസർഗോഡ് ജില്ലയുടെ മലയോരത്തിന്റെ പ്രതീക്ഷയായ കാണിയൂർ റെയിൽ പാതയും ഉൾപ്പെടെ വനത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന മലയോര പാതകളുടെ വികസനത്തിനും, പൂർണ്ണമായും വനമേഖലയിലൂടെയായതിനാൽ അടഞ്ഞു പോയതുമായ പഴയ വനപാതകൾക്കും സാധ്യതയേറുമെന്നത് മലയോര ജനതയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
മലയോര ജനത പ്രതീക്ഷയർപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട വനപാതകൾ
ചെറുപുഴ - ബാഗമണ്ഡല റോഡ്
ചെറുപുഴ: കേരളത്തിലെ ചെറുപുഴ നിന്നും കർണാടകത്തിലെ കുടകിലേക്ക് ബന്ധിപ്പിക്കുന്ന ഏഴിമല - ബാംഗ്ലൂർ ഹൈവേ വന്നാൽ 17 കിലോമീറ്റർ വരുന്ന ചെറുപുഴ - ബാഗമണ്ഡലം റോഡ് ബെംഗളൂരു, മൈസൂരു യാത്ര വളരെ എളുപ്പമാവും. എന്നാൽ, വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് നേരത്തെ കാരണമാകുന്നു. മുണ്ടറോട്ട് മുതല്‍ ബാഗമണ്ഡല വരെ നിലവിലുള്ള 17 കിലോമീറ്റര്‍ ദൂരമുള്ള കാട്ടു പാതയാണ് വികസിപ്പിക്കേണ്ടത്. നേരത്തെ ഏഴിമല പുളിങ്ങോം ബാഗമണ്ഡലം റോഡ് വരുന്നതിന്റെ മുന്നോടിയായി ചെറുപുഴയില്‍ നിന്നും പുളിങ്ങോം വരെയുള്ള റോഡ് വീതികൂട്ടി മെക്കാടം ടാര്‍ ചെയ്തിരുന്നു. 1999 വരെ കേരള-കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നതാണ് ഈ കാനനപാത. കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്തുനിന്നാണ് ഈ പാത ആരംഭിക്കുന്നത്. കർണാടകത്തിന്റെ അധീനതയിലുള്ള വിരാജ്പേട്ട ഡിവിഷനിലെ മുണ്ടറോട്ട് റേഞ്ചിൽപ്പെട്ട 9788 ഹെക്ടർ വരുന്ന നിബിഡ വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതാണ് ഏറെ പഴക്കമുള്ള ഈ പാത തുറന്നുകൊടുക്കുന്നതിനുള്ള പ്രധാന തടസ്സം.
വളരെക്കാലം മുൻപുതന്നെ ഇത് തീർഥാടന പാതയായി ഉപയോഗിച്ചിരുന്നു. കച്ചവടക്കാർ തലച്ചുമടായും ജീപ്പിലും സാധനങ്ങൾ ഇരുഭാഗത്തേയ്ക്കും കൊണ്ടുപോയിരുന്നതും ഈ വഴിയായിരുന്നു. ഈ പാത പിന്നീട് കർണാടക വനംവകുപ്പ് അടയ്ക്കുകയാണുണ്ടായത്. ഇപ്പോഴും വനത്തിനുള്ളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് യാത്രാനുമതി ഉണ്ട്. കർണാടക വനം വകുപ്പും ഈ പാത യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ജീപ്പ് പോകുന്ന മൺപാതയാണ് നിലവിലുള്ളത്. റോഡ് തുറക്കുമെന്ന പ്രതീക്ഷയിൽ 2005 ൽ കാര്യങ്കോട് പുഴയ്ക്ക് കുറുകെ അൻപത് മീറ്റർ നീളത്തിൽ കേരളം വലിയ പാലം നിർമിച്ചിരുന്നു. എന്നാൽ ഈ പാലം ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. റോഡ് യാഥാർഥ്യമാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും രണ്ട് സംസ്ഥാനങ്ങളുടെ ഏകോപനവും കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ അനുമതിയും ലഭ്യമല്ലാത്തതിനാൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
മാലോം - റാണിപുരം - കരിക്കെ വനപാത
മാലോം: മാലോം ഇടക്കാനം വഴി നേരത്തെ റാണിപുരത്തിന് അടുത്ത് വരെ ഉണ്ടായിരുന്ന ജീപ്പ് റോഡ് നവീകരിച്ചാൽ പോപ്പുലർ എസ്റ്റേറ്റ്നു സമീപത്തു കൂടി കടന്നു പോകുന്ന ഈ വനപാതയിലൂടെയാകട്ടെ മാലോം ടൌണിൽ നിന്നും പത്ത് കിലോമീറ്ററിൽ താഴെ മാത്രം സഞ്ചരിച്ചാൽ റാണിപുരത്തെത്താം. ഇവിടെ നിന്നും നിലവിൽ ദേശീയപാതയാകാൻ പോകുന്ന കാഞ്ഞങ്ങാട് മടിക്കേരി പാതയിലെ പാണത്തൂർക്കും കർണാടകയിലെ കരിക്കെയിലേക്കും റോഡ് സൗകര്യം ആകും ഈ വഴി സർക്കാർ ഏറ്റെടുത്ത് യാത്രയോഗ്യമാക്കണം എന്നാണ് കാലങ്ങളായിഉള്ള അവശ്യം. ഈറോഡ് നവീകരിക്കുന്നത് സംബദ്ധിച്ച വാർത്ത മനോരമ ന്യൂസ് ചാനൽ അടക്കം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പാത യാഥാർഥ്യമയാൽ മാലോത്തെ വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളായ ഇടക്കാനം, കോട്ടൻചേരി, കൊന്നക്കാട്, മരുതോം തുടങ്ങിയ ഇടങ്ങളിലേക്ക് റാണിപുരത്തും കുടകിലും എത്തുന്ന സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. റാണിപുരത്ത് നിന്ന് പാണത്തൂർക്കും, പനത്തടിക്കും നിലവിൽ റോഡു ഉള്ളതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയാൽ നിലവിലെ മലയോര ഹൈവേക്ക് ബദലായി ഈ പാത ഉപയോഗിക്കാൻ സാധിക്കുക്കയും, വെള്ളരിക്കുണ്ട്, ചെറുപുഴ തുടങ്ങിയ മലയോര പട്ടണങ്ങളിൽ നിന്നും കുടകിലേക്കും കർണാടകയിലെ മറ്റ് സ്ഥലങ്ങളിലേക്കുമുള്ള ദൂരം നന്നേ കുറയുകയും ചെയ്യും. മാനിമലകൾ നിറഞ്ഞ മാലോം മലനിരകളിലൂടെയും, വിവിധ എസ്റ്റേറ്റ്കളിലൂടെയും കടന്നു പോകുന്ന ഈ റോഡ് ജില്ലയുടെ ടൂറിസം മേഖലക്ക് വൻ സംഭാവനകൾ നല്കാൻ സാധിക്കുന്ന ഒന്നാണ്.
പാണത്തൂർ - സുള്ള്യ, പണത്തൂർ ബാഗമണ്ഡല പാതകൾ
പാണത്തൂർ: നിയമ ഭേദഗതി നിലവിൽ വന്നാൽ ഏറ്റവും ഉപകാരപ്പെടുക നിലവിൽ ദേശീയപാതയായി ഏറെക്കുറെ ഏറ്റെടുക്കൽ നടപടികളുമായി മുന്നപോട്ട് പോകുന്ന കാഞ്ഞങ്ങാട് മടിക്കേരി റോഡിലെ പാണത്തൂർ ബാഗമണ്ഡലം ഭാഗത്തിന് ആകും. 30 കിലോമീറ്ററോളം തലക്കാവേരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കൊടുംകാട്ടിലൂടെ കടന്ന് പോകുന്ന ഈറോഡ് ദേശീയപാതയായി നാലുവരിയിൽ വികസിച്ചാൽ മലയോരത്തിന്റെ മുഖച്ഛായ തന്നെ മാറും. അതുപോലെ പാണത്തൂരിൽ നിന്നുമുള്ള മറ്റൊരു വനപാതയായ സുള്ള്യക്ക് പോകുന്ന പാതയും വനത്തിലൂടെയാണ് കുറച്ചു ദൂരം കടന്ന് പോകുന്നത്.
ബന്തടുക്ക - സുള്ള്യ റോഡ്
മലയോരത്ത് നിന്നും കർണാടകയുമായി ബന്ധപ്പെടുന്ന മറ്റൊരു പ്രധാന പാതയാണ് ബന്തടുക്കയിൽ നിന്നും സുള്ള്യക്ക് പോകുന്ന വനപാത. ഈ പാതയും വീതികൂട്ടി നവീകരിക്കാൻ സാധിച്ചാൽ മലയോരത്ത് നിന്നുള്ള കർണാടക യാത്രകൾ ആയാസരഹിതമാകും
1980-ലെ വനനിയമം ഭേദഗതിചെയ്യാൻ ഒക്ടോബർ രണ്ടിനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. 1980-ലെ നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങൾക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം.ഭേദഗതിയിലൂടെ ഇവയെല്ലാം ലഘൂകരിക്കപ്പെടുമെന്നു കരുതുന്നു ഫലത്തിൽ രാജ്യത്തെ അവികസിത വനപ്രദേശങ്ങളിൽ കൂടുതൽ വികസനമെത്താൻ ഭേദഗതി സഹായിക്കും.
മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ
🛎️ Join Telegram Channel
👉 Like our Facebook Page
0 അഭിപ്രായങ്ങള്‍