ചെറുപുഴ: അടക്കയ്ക്ക് മാഹാളി രോഗം ബാധിച്ച് കൊഴിഞ്ഞുവീണത് കർഷകരെ ദുരിതത്തിലാക്കി. തുടർച്ചയായി പെയ്ത മഴയാണ് വിനയായത്. വിളവെടുക്കാറായ പച്ച അടയ്ക്കയാണ് കൊഴിഞ്ഞത്. രോഗം ബാധിച്ച അടയ്ക്കയിൽ വട്ടത്തിൽ വെളുപ്പുനിറത്തിൽ പൂപ്പൽ കാണാം. അടയ്ക്കയും കുലയും ചീയുകയും കൊഴിഞ്ഞുവീഴുകയും ചെയ്യും. ഫൈറ്റോക്ലോറ എന്ന കുമിൾ ബാധിക്കുന്നതാണ് മാഹാളി രോഗത്തിന് കാരണം.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ ഉണ്ടെങ്കിൽ രോഗം വളരെവേഗം പടരും. മാഹാളിരോഗത്തെ ചെറുക്കാൻ സാധാരണയായി തുരിശടിക്കുകയാണ് ചെയ്യുന്നത്. രണ്ട്-മൂന്ന് പ്രാവശ്യം വരെ തുരിശടിക്കുന്നവരുണ്ട്. എന്നാൽ ഇത്തവണ തുരിശടിച്ച കവുങ്ങിനും മാഹാളി ബാധിച്ചു. നല്ല തുക ചെലവാക്കിയാണ് തുരിശടിക്കുന്നത്.
ശ്രമകരമായ ജോലിയാണിത്. മറ്റ് കാർഷിക വിളകൾക്ക് വിലയിടിഞ്ഞെങ്കിലും അടക്കയ്ക്ക് കിലോയ്ക്ക് 400 രൂപയോളം വിലയുണ്ട്. കാലം തെറ്റിയെത്തിയ മഴ ചതിച്ചതോടെ കവുങ്ങ് കർഷകർ കടുത്ത നിരാശയിലാണ്. സർക്കാർ ഇടപെടണമെന്നാണ് കർഷകർ പറയുന്നത് .
0 അഭിപ്രായങ്ങള്‍