കാസർഗോഡ്: ജില്ലയുടെ മലയോരത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയില്‍നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നത് ഭൂപ്രതലത്തിലെ ചെങ്കല്ലിന്റെയും അയേണ്‍ ഓക്സൈഡ് കലര്‍ന്ന കറുത്ത കല്ലിന്റെയും പാളികളുടെ സാന്നിധ്യമെന്ന് കേന്ദ്രസര്‍വകലാശാല ജിയോളജി വകുപ്പിന്റെ പഠനറിപ്പോര്‍ട്ട്.
മറ്റു ജില്ലകളില്‍നിന്നും വ്യത്യസ്തമായി ഇവിടുത്തെ ഭൂപ്രതലത്തിന്റെ പ്രത്യേകതയായ കല്‍പ്പാളികള്‍ കുന്നിന്‍ചരിവുകളില്‍ പുതപ്പുപോലെ പ്രവര്‍ത്തിച്ച് അപ്രതീക്ഷിത മണ്ണൊലിപ്പിനെയും ഉരുള്‍പൊട്ടലിനെയും പ്രതിരോധിക്കുന്നു. വെള്ളം കൂടുതലായി മണ്ണിലേക്കിറങ്ങുന്നതിനെ തടയുകയും കുന്നുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു. പലയിടങ്ങളിലും ഭൂമിക്കടിയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസം ഉണ്ടാകുന്നുണ്ടെങ്കിലും കാഠിന്യമേറിയ കല്‍പ്പാളികളെ ഭേദിച്ച് ഉരുള്‍പൊട്ടലായി പുറത്തുവരാന്‍ അതിനു കഴിയുന്നില്ല. കൂടുതല്‍ വെള്ളമിറങ്ങാത്തതിനാല്‍ സോയില്‍ പൈപ്പിംഗ് അതിതീവ്രമായി മാറുന്നുമില്ല.
കണ്ണൂര്‍ ജില്ലയുടെ മലയോരത്തും മിക്കവാറും ഇടങ്ങളില്‍ ഭൂപ്രതലത്തിലെ ചെങ്കല്‍ പാളികളുടെ സാന്നിധ്യം ഉരുള്പൊട്ടലില്നിന്നുള്ള രക്ഷാകവചമായി മാറുന്നുണ്ടെന്നാണ് നിരീക്ഷണം. സര്‍വകലാശാലയിലെ ജിയോളജി വിഭാഗം മേധാവി ഡോ. പി.പ്രതീഷിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ഷുഹൈബ് ഷിബിലി, അനന്തന് ദിലീപ് എന്നിവര്‍ കേരള സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
കഴിഞ്ഞവര്‍ഷം ചെറിയ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്ര സര്‍വകലാശാല സംഘം പഠനം നടത്തിയത്. ബളാല്‍, കോട്ടക്കുന്ന്, നമ്പ്യാര്‍മല, മാലോം, കൊന്നക്കാട് പ്രദേശങ്ങള്‍ പശ്ചിമഘട്ടത്തിലെ അതിതീവ്ര ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളിലും റാണിപുരം, പാണത്തൂര്‍, പെരുതടി പ്രദേശങ്ങള്‍ തീവ്രമേഖലയിലും ഉള്‍പ്പെടുന്നതായാണ് നേരത്തേ കണ്ടെത്തിയിരുന്നത്. ഈ പ്രദേശങ്ങളിലെല്ലാം ബലവത്തായ കല്പ്പാളികളുടെ സാന്നിധ്യം ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തുന്നതായി പഠനത്തില്‍ വിലയിരുത്തി.
എണ്ണപ്പാറ - റാണിപുരം ബെൽറ്റ് മലനിരകളും അടൂര്‍-തലക്കാവേരി മലനിരകളും മാത്രമാണ് കാസറഗോഡ് ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ജില്ലയിലെ മറ്റുള്ളവയെല്ലാം ഇടനാടന്‍ കുന്നുകളുടെ ഗണത്തില്‍പ്പെടുന്നവയാണ്. താരതമ്യേന ഉയരക്കുറവും ചെങ്കല്പ്പാളികളുടെ സാന്നിധ്യവും ഇവയേയും ഏറെക്കുറെ സുരക്ഷിതമാക്കുന്നു.
അതേസമയം മലയോരമേഖലയില്‍ ചെങ്കല്‍ ക്വാറികളുടെയും ക്രഷറുകളുടെയും എണ്ണം വര്‍ധിക്കുന്നത് അതിവേഗത്തില്‍ത്തന്നെ ഭൂപ്രതലത്തിലെ കല്പ്പാളികളുടെ നാശത്തിനും ഈ പ്രദേശങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നതിനും വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളരിക്കുണ്ട് താലൂക്കില്‍ സമീപകാലത്ത് ഖനനാനുമതികളുടെ പേരില്‍ സമരഭൂമികളായ മുണ്ടാത്തടവും പാമത്തട്ടും ഏറ്റവുമൊടുവില്‍ വടക്കാംകുന്നുമെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളില്‍ ഉള്‍പ്പെടുന്നവയാണ്.
മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ
🛎️ Join Telegram Channel
👉 Like our Facebook Page
0 അഭിപ്രായങ്ങള്‍