മാലോം: മൂരി ഇറച്ചി വാങ്ങിയ വയോധികനായ കുടുംബനാഥനെ കാട്ടുപന്നി ഇറച്ചി കൈവശമുണ്ടെന്നു പറഞ്ഞ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മലയോരത്ത് പ്രതിഷേധം പുകയുന്നു. കഴിഞ്ഞദിവസം മാലോം പറമ്പ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തെരിവുകാലായിൽ സോമൻ എന്ന വയോധികനെയാണ് വനം വകുപ്പുദ്യോഗസ്ഥർ അപമാനിച്ചത്. രണ്ടു കുടുംബങ്ങൾ വാടക താമസിക്കുന്ന ഈ കെട്ടിടത്തിലെ വീടിനുള്ളിൽ അനുവാദമില്ലാതെ കയറി പരിശോധന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂരി ഇറച്ചിയാണ് വാങ്ങിയതെന്ന് പറഞ്ഞത് വിശ്വസിക്കാതെ നിങ്ങൾ കാട്ടുപന്നി കറിവച്ചു എന്നു പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് വയോധികനായ സോമനെ വണ്ടിയിൽ കയറ്റി കശാപ്പു നടന്ന സ്ഥലത്തെത്തുകയും തെളിവെടുപ്പു നടത്തുകയും ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. ഈ പ്രദേശങ്ങളിൽ കുറച്ച് ആൾക്കാർ കൂടി കശാപ്പ് ചെയ്ത് പങ്കുവയ്ക്കുകയെന്ന രീതിയുണ്ട്. ഇതാണ് കാട്ടുപന്നി ഇറച്ചി എന്ന് പറഞ്ഞ് ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്.

വനം വകുപ്പിനെതിരേ നിയമനടപടിക്കൊ രുങ്ങുകയാണ് കുടുംബം. ഇത്തരം സംഭ വം ഉണ്ടായാൽ പാലിക്കേണ്ട യാതൊരു വിധ നിയമ നടപടിയും സ്വീകരിക്കാതെയാണ് അനധികൃതമായി വയോധികന്റെ കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അപമാനിച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നിയമലംഘനം നടത്തി കർഷക കുടുംബത്തെ അപമാനിച്ച വനം ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ ആരംഭിക്കുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഭാരവാഹികൾ അറിയിച്ചു.

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page