മാലോം: ജില്ലയിൽ കാട്ടാനക്കൂട്ടങ്ങൾ കാർഷികവിളകൾ നശിപ്പിച്ച കർഷകർക്ക് വനം വകുപ്പ് അടിയന്തര ധനസഹായം നൽകണമെന്നും അല്ലാത്ത പക്ഷം നഷ്ടം നേരിട്ട കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കാട്ടാനകൾ നാശം വിതച്ച പ്രദേശത്ത് ഉപവാസം നടത്തുമെന്നും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം പറഞ്ഞു. കൊന്നക്കാട് കടവത്ത് മുണ്ടയിൽ കാട്ടാനകൾ കർഷകരുടെ സ്വൈര്യജീവിതം നഷ്ടപ്പെടുത്തിയിട്ടും ഈ ഭാഗങ്ങളിലേക്ക് വനം വകുപ്പിന്റെ ഒറ്റ ഉദ്യോഗസ്ഥൻമാർ പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ജനപ്രധിനിധികൾ ഉൾപ്പെടെയുള്ളവരും പത്രമാധ്യമങ്ങളിൽക്കൂടിയും ആനക്കൂട്ടം കൃഷികൾ നശിപ്പിക്കുന്നത് അറിയിച്ചിരുന്നു. എന്നാൽ ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ നിസംഗത പാലിക്കുകയാണ്.
ബാങ്ക് വായ്പ എടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് കർഷകർ കൃഷിയിറക്കുന്നത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയ്ക്കു പുറമെ കപ്പയും കൃഷി ചെയ്തിരുന്നു. പാട്ടഭൂമിയായിലാണ് മിക്ക കർഷകകരും കൃഷി ഇറക്കിയത്.പാകമായി വരുന്ന കാർഷിക വിളകൾ കാട്ടാനക്കൂട്ടങ്ങളും കാട്ടുപന്നികളും നശിപ്പിച്ചാൽ കർഷകർ ദുരിതത്തിലാകുമെന്നും വനം വകുപ്പും സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്നും രാജു കട്ടക്കയം ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍