മാലോം: മഹാത്മാഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ് നിർമ്മിച്ച സ്നേഹ വീട് ഇനി മാലോം എടക്കാനം മലമുകളിലെ ഓമന ചേച്ചിക്ക് സ്വന്തം. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ട ശേഷം രണ്ടു പെൺ മക്കളുമായി ബളാൽ ദുരിത പൂർണ്ണമായ ജീവിതം നയിച്ചു വരുന്ന പുത്തൻ പുരയിൽ ഓമനയ്ക്കാണ് മാലോം മഹാത്മാഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ് സുമനസ്സുകളുടെ സഹായത്തോടെ സ്നേഹ വീട് നിർമ്മിച്ചു നൽകിയത്.

പഞ്ചായത്തിലെ എടക്കാനം മലമുകളിൽ നിർദ്ധന കുടുംബ നാഥയായ ഓമനയ്ക്ക് സ്വന്തം പേരിൽ മലമുകളിലെ മലഞ്ചെരുവിൽ 60 സെന്റ് ഭൂമി ഉള്ളതിനാൽ സർക്കാർ വീട് കിട്ടുന്നതിന് തടസ്സമായിരുന്നു. ജീവ കാരുണ്യ പ്രവർത്തികൾ ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച മാലോം മഹാത്മാ ഗാന്ധി ചാരിറ്റബിൽ ട്രസ്റ്റ് ഓമനയ്ക്ക് വീട് വെച്ചു നൽകാൻ തയ്യാറായി മുന്നോട്ട് വരികയായിരുന്നു.

സുമനസ്സുകളുടെ സഹായത്തോടെ എടക്കാനത്ത് രണ്ട് കിടപ്പു മുറികൾ, ഒരു ഹാൾ, അടുക്കള, സിറ്റൗട്ട്, ശുചി മുറി എന്നിവയോടെയാണ് മനോഹരമായ സ്നേഹഭവനം പൂർത്തീകരിച്ചത്. വീടിന്റെ താക്കോൽ ലളിത മായ ചടങ്ങിൽ ഇരിക്കൂർ എം. എൽ എ അഡ്വ സജീവ് ജോസഫ് ഓമനയ്ക്ക് കൈമാറിയപ്പോൾ മധുരം വിളമ്പി നാട്ടുകാർ അത് ആഘോഷവുമാക്കിയിരുന്നു.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും പഞ്ചായത്ത് പ്രസിഡന്റു മായ രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, എം. പി. ജോസഫ്, കെ. കരുണാകരൻ നായർ, അലക്സ് നെടിയകാല, ഗിരീഷ് വട്ടക്കാട്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ബി. പ്രദീപ് കുമാർ, ലിറ്റോ കള്ളികാട്ട്, ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.