മാലോം: മാലോം - പുല്ലൊടി - മരുതോംതട്ട് റോഡിൽ അപകടങ്ങൾ തുടർക്കഥ. ഈ റോഡിന്റെ മാലോം മുതൽ പുല്ലൊടി വരെ കയറ്റങ്ങളും വളവുകളും ധാരാളമുള്ള മേഖലകളിലാണ് അപകടങ്ങൾ അധികവും നടക്കുന്നത്. കഴിഞ്ഞദിവസം പുല്ലൊടിക്ക് സമീപം ഇറക്കത്തിൽ തടി കയറ്റി വന്ന പിക്കപ്പ് നിയന്ത്രണം വിട്ടു ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. അതിനു മുൻപും ഇവിടെയും, എസ് - വളവിലും, കണ്ണീർവാടി കയറ്റത്തിലും മറ്റുമായി ഈ റോഡിൽ പല അപകടങ്ങളും നടന്നിരുന്നു. പുല്ലൊടി മുതൽ കണ്ണീർവാടി വരെ ഉള്ള അപകട മേഖലകളിൽ പുല്ലൊടി സെന്റ് അൽഫോൻസിയൻ ക്രെഡിറ്റ് യൂണിയൻ യാത്രക്കാർക്കായി സൂചനാ ബോർഡുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് കണ്ണീർവാടി മുതൽ മാലോം വരെ തീരെ വീതി കുറഞ്ഞ റോഡും ഇറക്കവും, സൂചന ബോർഡുകളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കുന്നതാണ്. നിലവിൽ മലയോര ഹൈവേയുടെ നിർമ്മാണം നടക്കാത്ത ദുർഘട മേഖലയായ മരുതോം - ചുള്ളി റോഡിന് ബൈപാസ് റോഡ് ആയി ദീർഘ ദൂര യാത്രക്കാർ ഉൾപ്പെടെ പുല്ലൊടി  റോഡ് തിരഞ്ഞെടുക്കുന്നതിനാൽ ദിവസേന വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.  ഇരുവശങ്ങളിലും മലയോര ഹൈവേയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈറോഡ് അടിയന്തര പ്രാധാന്യത്തോടു കൂടി കയറ്റം കുറച്ചു വീതി കൂട്ടി വികസിപ്പിക്കുകയും സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു അപകടം സാധ്യത പരിമിതപ്പെടുത്തണം എന്ന് ആവശ്യമുയരുന്നു.