മാലോം: മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളിലെ വനഭൂമി സംബന്ധിച്ച് അനിശ്ചിതത്വവും കോ​വി​ഡ് പ്രതിസന്ധിയും മൂലം കെ എസ് ആർ ടി സിയും  സ്വ​കാ​ര്യ ബസുകളും, കൂടെ മലയോരത്തെ ജനകീയ ജീപ്പ് സർവീസുകളും പലയിടങ്ങളിലായി ഓ​ട്ടം നി​ര്‍​ത്തി​യ​തോ​ടെ മലനാട് കടുത്ത യാ​ത്രാ​ദു​രി​തത്തിൽ. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലയോരമേഖലയും, ബളാൽ പഞ്ചായത്തിന്റെ  കിഴക്കൻ പ്രദേശങ്ങളും  ഉൾപ്പെടുന്ന മലനാട് മേഖലയിലാണ് യാത്രാക്ലേശം അതിരൂക്ഷമായിരിക്കുന്നത്.

ചെറുപുഴ - കോളിച്ചാൽ മലയോര ഹൈവേ ആണ് പ്രധാനമായും ഈ പ്രദേശത്തെ ജനങ്ങൾ യാത്രയ്ക്കായി  ആശ്രയിക്കുന്നത്. മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങളിലെ വനഭൂമി സംബന്ധിച്ച് അനിശ്ചിതത്വം മൂലം കടുത്ത യാത്രാ പ്രതിസന്ധിയാണ് നിലവിൽ. മാലോം ടൌൺ ഉൾപ്പെടുന്ന ഈ മേഖല നിലവിൽ അഭിമുഖീകരിക്കുന്നത്. കാറ്റാംകവല, മരുതോം ഭാഗങ്ങൾ പണി നടക്കാത്തതിനാൽ മലയോര ഹൈവേ യുടെ പ്രയോജനം  ലഭിക്കുന്നില്ല എന്ന് മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന യാത്രാസൗകര്യങ്ങൾ കൂടി ഇവിടങ്ങളിൽ ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്.

ഈ പ്രദേശങ്ങളിലുള്ളവർ വിദ്യാഭ്യാസം ആശുപത്രി ആവശ്യങ്ങൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് മലയോര പട്ടണമായ ചെറുപുഴയാണ്. ചെ​റു​പു​ഴ, ആലക്കോട്, പ​യ്യ​ന്നൂ​ര്‍ എന്നിവിടങ്ങളി​ലേക്ക് എ​ത്താ​ന്‍ മി​ക്ക​പ്പോ​ഴും കെ​ എസ് ആ​ര്‍​ ടി​ സി ബ​സു​ക​ള്‍ മാ​ത്ര​മാ​യിരുന്നു ആ​ശ്ര​യം.  നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സു​ക​ളി​ല്‍ പ​ല​തും പു​ന​രാ​രം​ഭി​ക്കാ​തെ മ​ല​യോ​ര​മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യും ചെ​യ്യു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ പരാതിപ്പെടുന്നു.

കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍​നി​ന്നും  മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മാ​ലോം -​ ചെ​റുപു​ഴ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ളി​ല്‍ ഒ​ന്നു​പോ​ലും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഈ ​റൂ​ട്ടി​ല്‍ നേ​ര​ത്തേ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ഇ​പ്പോ​ള്‍ ഓ​ടു​ന്നി​ല്ല. പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍​നി​ന്നു​ള്ള ഒ​രേ​യൊ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മാ​ത്ര​മാ​ണ് ചിറ്റാരിക്കാലിനും മാലോം ടൗണിനുമിടയിൽ ഇ​പ്പോ​ള്‍ ഏക ആ​ശ്ര​യം. ഇരിട്ടി, മാനന്തവാടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് മലയോര ഹൈവേ വഴി മാലോത്തേക്ക് ദീർഘദൂര ബസുകൾ ഉൾപ്പെടെ  ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യത്തിന് ഹിൽഹൈവേ എന്ന ആശയത്തോളം തന്നെ പഴക്കമുണ്ട്. 

മലയോര ഹൈവേയിലെ മരുതോം വന മേഖല ഉൾപ്പെടുന്ന  കോളിച്ചാൽ -  മാലോം റൂട്ടിലും യാത്ര യാത്ര പ്രതിസന്ധി രൂക്ഷമാണ്. കോവിഡ്  പ്രതിസന്ധി മൂലം ജനങ്ങൾ ആശ്രയിച്ചിരുന്ന ജനകീയ ജീപ്പ് സർവീസുകൾ പലതും ഇപ്പോൾ സർവീസ് നടത്തുന്നില്ല. കാഞ്ഞങ്ങാട് നിന്നും കോളിച്ചാലിനും മാലോത്തിനുമിടയിലെ പുല്ലൊടി തട്ട് വരെ സർവീസ് നടത്തിയിരുന്ന മുന്നോളം സ്വകാര്യ ബസുകളും മലയോര ഹൈവേയിലെ മരുതോം വനമേഖലയിലെ നിർമ്മാണ അനിശ്ചിതത്വം കാരണം റോഡ് തകർന്നു കിടക്കുന്നതിനാൽ ഇപ്പോൾ സർവീസ് നടത്തുന്നില്ല. പ്രധാനമായും കാഞ്ഞങ്ങാട്, മാലക്കല്ല് ടൗണുകളെ ആശ്രയിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് കോളിച്ചാൽ വരെ ഉള്ള 10 ൽ അധികം കിലോമീറ്റർ സ്വകാര്യ വാഹനങ്ങൾ അല്ലതെ നിലവിൽ മറ്റു യാത്ര മാർഗങ്ങളില്ല.


കോളിച്ചാൽ മാലോം ഹിൽഹൈവേ വഴി പുല്ലൊടിക്ക് ഓടിയിരുന്ന  സ്വകാര്യ ബസുകളിലൊന്ന്. സർവീസ്  നടത്തനാവാതെ നിർത്തിയിട്ടിരിക്കുന്ന നിലയിൽ


മരുതോം വനമേഖലയിലെ റോഡ് പ്രവർത്തി പൂർത്തിയാക്കുന്ന മുറയ്ക്ക് മാലോത്ത് നിന്നും ജില്ലാ ആസ്ഥാനമായ കാസർഗോട്ടേക്കും, മംഗലാപുരത്തേക്കും മരുതോം, കോളിച്ചാൽ, മാലക്കല്ല്, കുറ്റിക്കോൽ, ബോവികാനം വഴി കെ​ എ​സ് ആ​ര്‍​ ടി​ സി​ സർവീസുകൾ ആരംഭിച്ചാൽ ഈ പ്രദേശത്തെ യാത്രാ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നതിനൊപ്പം ആശുപത്രി, വിദ്യാഭ്യാസം, കളക്ടറേറ്റ് തുടങ്ങിയ ആവശ്യ കാര്യങ്ങൾക്കുള്ള യാത്രകാർക്ക് ഉപകാരപ്രദമാകുന്നതുമാണ്. 

കെ​ എ​സ് ആ​ര്‍​ ടി​ സി​ക്ക് ജി​ല്ല​യി​ല്‍ മ​ലയോ​ര ഡി​പ്പോ അ​നു​വ​ദി​ക്കുമ്പോൾ നിലവിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ മലയോരത്തെ ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസുകൾ ഹാൾട്ട് ചെയ്യുന്ന കൊന്നക്കാട് സ്റ്റാൻഡ് ഉൾപ്പെടുന്നതും, മലയോര ഹൈവേ കടന്നു പോകുന്നതിലെ ഏറ്റവും യാത്രാ പ്രതിസന്ധി ഉള്ളതുമായ മാലോം വില്ലേജിൽ തന്നെ വേണമെന്ന ആ​വ​ശ്യ​വും ഏ​റെ​ക്കാ​ല​മാ​യി മു​ഴ​ങ്ങി​ക്കേ​ള്‍​ക്കു​ന്ന​താണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

മലനാടിന്റെ സ്പന്ദനങ്ങൾ തത്സമയം ലഭിക്കാൻ 

🛎️ Join Telegram Channel

👉 Like our Facebook Page