ആനക്കാര്യം
പാണത്തൂർ: കാസർകോട് ജില്ലയുടെ അതിർത്തി മേഖല ഏതാണ്ട് മുഴുവനും തന്നെ ഇപ്പോൾ കാട്ടാന ഭീതിയിലാണ്. ഇതിൽ തന്നെ മലയോര മേഖലയിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയിലാണ് ഇപ്പോൾ ആനശല്യം രൂക്ഷമായിരിക്കുന്നത്. പാണത്തൂരിലും പാലാവയലിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനകൾ മൂലം ഉണ്ടായത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവിടെയുള്ള കർഷകർ. പ്രതിരോധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് കാട്ടാനകൾ കൃഷി ഭൂമിയിൽ എത്തുന്നത്. വഴിയാത്രക്കാർക്ക് പോലും കാട്ടാനകളെ ഭയക്കാതെ യാത്ര ചെയ്യാനാകില്ല എന്ന അവസ്ഥയാണ് നിലവിൽ. റാണിപുരം റോഡിലും, കോളിച്ചാൽ - മാലോം മലയോര ഹൈവേയിലുമടക്കം വനാതിർത്തിയിലൂടെയുള്ള ഏതു റോഡുകളിലും കാട്ടാനകളുടെ സാന്നിധ്യം യാത്രകാർക്ക് പ്രതീക്ഷിക്കാം എന്ന രീതിയിലേക്ക് എത്തിക്കഴിഞ്ഞു. മുൻപൊക്കെ കടുത്ത വേനലിലും മറ്റുമായിരുന്നു കാട്ടാനകൾ ജനവാസമേഖലക്ക് സമീപം എത്തുന്നതെങ്കിൽ ഇപ്പോൾ സദാ സമയങ്ങളിലും ആനക്കൂട്ടങ്ങൾ ജനവാസ മേഖലയോട് ചേർന്നുണ്ട് എന്നതാണ് മലയോരത്ത് ആശങ്ക വർദ്ധിപ്പിക്കുന്നത്. കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും മുൻമന്ത്രിയും സ്ഥലം എംഎൽഎയും ആയ ശ്രീ ചന്ദ്രശേഖരനുമെല്ലാം വന്യമൃഗഅക്രമ ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
പകൽസമയങ്ങളിലും വിഹരിക്കുന്ന കാട്ടുപന്നികൾ
ചെറുപുഴ, ഈസ്റ്റ്-എളേരി പഞ്ചായത്തുകളിൽ ഉൾപ്പെട്ട കാനംവയൽ, ചേന്നാട്ട്കൊല്ലി, മരുതുംതട്ട്, കോഴിച്ചാൽ, ഓടക്കൊല്ലി, ആറാട്ട്കടവ്, മീനഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനശല്യം കാട്ടാനകളാണ്. നിരവധി കർഷകരുടെ കാർഷികവിളകൾ കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. തെങ്ങ്, കമുക്, വാഴ എന്നിവയാണ് നശിപ്പിക്കുന്നത്. കാട്ടുപന്നി ശല്യം ടൗണുകളിൽ പോലുമുണ്ട്. ആയിരക്കണക്കിന് ചുവട് കപ്പയാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. ചേമ്പ്, ചേന ഉൾപ്പെടെയുള്ളവയൊക്കെ ഇവ നശിപ്പിക്കുന്നു. കൃഷിയിടത്തിന് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയും തുണികൾ വലിച്ചുകെട്ടിയും ഇവയെ തടയാൻ കർഷകർ നടത്തുന്ന ശ്രമങ്ങൾ പരാജപ്പെടുകയാണ്. പകൽസമയങ്ങളിൽ പോലും ചാത്തമംഗലം, ചൂരപ്പടവ്, കൊട്ടത്തലച്ചി ഭാഗങ്ങളിൽ കാട്ടുപന്നികളെ കാണാമെന്ന് കർഷകർ പറയുന്നു. നിരവധി കർഷകർക്കും ഇരുചക്രവാഹന യാത്രികർക്കും കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
വ്യാപകമായി കുരങ്ങുശല്യവും
കുരങ്ങ് ശല്യവും കർഷകരെ ബുദ്ധിമുട്ടിക്കുന്നു. കുരങ്ങിന്റെ ശല്യം കാരണം പല സ്ഥലങ്ങളിൽനിന്നും കർഷകർക്ക് കൃഷിയിടങ്ങൾ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയുമുണ്ട്. മലയോര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ ഇവയുടെ ശല്യം കാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. തേങ്ങ, വാഴക്കുല തുടങ്ങിയവയെല്ലാം ഇവ തിന്നുതീർക്കുന്നു. കുരങ്ങുകൾ കാരണം വിളകൾ ഒന്നുംതന്നെ ലഭിക്കാതെ വലയുകയാണ് അതിർത്തി പഞ്ചായത്തിലെ കർഷകർ.
വർദ്ധിച്ചുവരുന്ന മയിലുകൾ
അടുത്തകാലത്താണ് മയിലിന്റെ ശല്യം വർധിച്ചത്. വ്യാപകമായി ഇപ്പോൾ ഇവയെ കാണാൻ കഴിയും. പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് ഇവ നശിപ്പിക്കുന്നത്. മലയോര മേഖലയ്ക്ക് പുറത്തേക്കു മയിലുകളെ കൊണ്ടുള്ള ശല്യം ഇപ്പോൾ വ്യാപകമാകുന്നു.
0 അഭിപ്രായങ്ങള്