ചിറ്റാരിക്കാൽ:  മലയോരത്തു യാത്ര ക്ലേശം രൂക്ഷമാകുന്നു. KSRTC ബസ്സുകൾ  പല റൂട്ടുകളും നിർത്തിയത് ജനങ്ങളെ വളരയേറെ ബുദ്ധിമുട്ടിക്കുന്നു. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്. ദീർഘദൂര യാത്രകൾക്ക്, പ്രത്യേകിച്ച് ബാംഗ്ലൂരിലേക്ക് മുൻപ് ആശ്രയിക്കുന്ന KSRTC ബസ്സുകൾ ഇപ്പോൾ ഇല്ലാത്തതിനാൽ,  പ്രൈവറ്റ് ബസ്സുകൾക്ക് ഇരട്ടി തുകയുള്ള ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണ്ട അവസ്ഥയാണിപ്പോൾ.

ചിറ്റാരിക്കാൽ വഴി രാവിലെ 5.50ന് പോകുന്ന ചീക്കാട് -മംഗലാപുരം ഇന്റർസ്റ്റേറ്റ്, വൈകിട്ട് 7.50 ന് പോകുന്ന കാഞ്ഞങ്ങാട് - ബാംഗ്ലൂർ ഇന്റർസ്റ്റേറ്റ്, ചിറ്റാരിക്കൽ - പത്തനംതിട്ട സർവീസ് , 4.45 ന് പോകുന്ന പാലവയൽ - ചീമേനി - പയ്യന്നുർ റെയിൽവേ സ്റ്റേഷൻ, ചെറുപുഴ മാലോം ഷട്ടിൽ സർവീസ്   നടത്തുന്ന മാലോം -  പയ്യന്നുർ ബസ്സ്, ആലക്കോട് - മംഗലാപുരം, ഉച്ചക്ക് ശേഷം പുറപ്പെടുന്ന സുൽത്താൻ ബത്തേരി സർവീസ് മുതലായ ബസ്സുകൾ ഇതുവരെയും പുനരാരംഭിച്ചിട്ടില്ല.

ദീർഘദൂര സർവീസുകൾക്കൊപ്പം ലോക്കൽ റൂട്ടിൽ പകൽസമയം ഓടുന്ന ബസ്സുകളും നിർത്തി ജനങ്ങളെ പെരുവഴിയിലാക്കാൻ KSRTC മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

പഴയ ബസ്സ് റൂട്ടുകൾ എല്ലാം പുനസ്ഥാപിച്ച് ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണം എന്ന് വോയിസ്‌ ഓഫ് ചിറ്റാരിക്കൽ വാട്സ്ആപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു. യോഗത്തിൽ ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ, ജിതിൻ ജോർജ്, റോഷൻ എഴുത്തുപുര, സെലക്ട്‌ എടക്കരോട്ട്, വിവേക് പുതുമന, അശ്വിൻ തെങ്ങുംപള്ളിൽ എന്നിവർ സംസാരിച്ചു.