മാലോം: ചെറുപുഴ - കോളിച്ചാൽ മലയോര ഹൈവേയ്ക്ക് വനഭൂമി വിട്ടുനൽകുന്നതിലെ കാലതാമസംമൂലമുള്ള നിർമാണ തടസ്സം നീങ്ങി. വനം, പൊതുമാരാമത്ത് വകുപ്പധികൃതർ ചേർന്ന് നടത്തിയ സർവേയിൽ ആവശ്യമായ വനഭൂമിയുടെ അളവെടുത്തു.
അടുത്തദിവസം വിശദാംശങ്ങൾ വനംവകുപ്പ് മേലധികാരികൾക്ക് സമർപ്പിക്കും.
മുറിച്ചുമാറ്റേണ്ട മരങ്ങളിൽ ഉടൻ അടയാളമിടാനും ധാരണയായി.
നാലാം റീച്ചായ കോളിച്ചാൽ-ചെറുപുഴ 30.88 കിലോമീറ്ററിൽ മരുതോത്തും കാറ്റാംകവലയിലുമാണ് വനത്തിലൂടെ റോഡ് കടന്നുപോകുന്നത്. വനഭൂമിവിട്ടുകിട്ടാൻ വൈകുന്നത് നിർമാണത്തിലെ മെല്ലേപ്പോക്കിന് കാരണമായി. അതിൽ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.
കഴിഞ്ഞദിവസത്തെ പുനഃപരിശോധനയിൽ 2.9 കിലോ മീറ്റർ ദൂരമാണ് വനം വകുപ്പിന്റെ അനുമതി വേണ്ടതെന്ന് കണ്ടെത്തി. ടാറിങ് മൂന്നരയിൽനിന്ന് ഏഴും ആകെ വീതി കുറഞ്ഞത് 12 മീറ്ററുമാകുമ്പോൾ 0.66ഹെക്ടർ വനംവുപ്പ് നൽകേണ്ടിവരുമെന്ന് കണക്കാക്കി.
ഒരുഹെക്ടറിൽ താഴെ ഭൂമി നൽകുന്നതിന് സംസ്ഥാന വനം വകുപ്പിന്റെ അനുമതി മതിയെന്നതിനാൽ നിയമപരമായ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് വനം, പൊതുമാരാമത്ത് വകുപ്പധികാരികൾ പറഞ്ഞു.
ഡി.എഫ്.ഒ. പി.കെ.അനൂപ്കുമാർ, പൊതുമാരമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.പ്രകാശ്കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥസംഘമെത്തിയത്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വൈസ് പ്രസിഡന്റ് എം.രാധാമണി, മുൻ എം.എൽ.എ. എം.കുമാരൻ, സി.പി.ഐ. നേതാക്കളായ കെ.എസ്.കുര്യാക്കോസ്, സി.പി.ബാബു, സുനിൽ മാടക്കൽ, മന്ത്രിയുടെ ഓഫീസ് ചുമതലയുള്ള പി.പദ്മനാഭൻ, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ഡി.മോഹനൻ, ടി.പി.തമ്പാൻ, പി.ടി.നന്ദകുമാർ, കെ.പി.സുരേഷ് എന്നിവർക്കൊപ്പം നിരവധി നാട്ടുകാരും സർവേയിൽ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്നു.
0 അഭിപ്രായങ്ങള്‍