ചിത്രം: മലയോര ഹൈവേയ്ക്ക് ഭൂമി വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ ഡിഎഫ്ഒ മാർച്ച് മാർച്ച്

ചിറ്റാരിക്കാൽ: മലയോര ഹൈവേയിലെ കോളിച്ചാൽ - ചെറുപുഴ റീച്ചിലെ വനമേഖലയിലെ റോഡ് നിർമാണത്തിനു വനം വകുപ്പ് അനുകൂല നിലപാടിലേക്ക്.
വനമേഖലയിലെ നിർമാണത്തിനു അനുമതി തേടി മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കഴിഞ്ഞ ദിവസം ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് കത്തുനൽകി. ഇതെത്തുടർന്ന് വനം വകുപ്പ് നടപടികൾ വേഗത്തിലാക്കുമെന്നാ ണ് സൂചന. വനമേഖലയിലെ നിർമാണം വൈകുന്നതിനെതിരെ മലയോരത്ത് പ്രതിഷേധം ശക്തമായിരുന്നു.

അധികൃതരുടെ അനാസ്ഥക്കെതിരെ കഴിഞ്ഞ ദിവസം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫിസിലേക്കു മാർച്ച് നടത്തിയിരുന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് അധികൃതർ നടപടികൾ വേഗത്തിൽ ലാക്കിയത്.നേരത്തേതന്നെ വനം വകുപ്പിനു ഓൺലൈനിലൂടെ നിരവദനം നൽകിയ മരാമത്ത് അധികൃതർ കഴിഞ്ഞ ദിവസം ഇതിന്റെ ഹാർഡ് കോപ്പിയിൽ ഒപ്പിട്ടു സമർപ്പിക്കുകയായിരുന്നു. നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് അധികൃതർ ഇന്നു റോഡ് സന്ദർശിക്കും.

ഒരു ഹെക്ടർ ഭൂമിയിൽ താഴെ മാതമേ വനഭൂമിയുള്ളുവെങ്കിൽ അവിടെ നിർമാണം നടത്താൻ സംസ്ഥാന വനം വകുപ്പിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ. ഇതിനായി പകരം ഭൂമിയും വിട്ടുനൽ കേണ്ടതില്ല. വനഭാഗത്തെ മരങ്ങൾക്കു മരാമത്ത് ഉദ്യോഗസ്ഥർ മാർക്കിട്ടു നൽകിയാൽ അവ മുറിച്ചു നീക്കേണ്ടതും വനം വകുപ്പിന്റെ ഉത്തരവാദിത്വമാണ്.

ജില്ലയിലെ മലയോര ഹൈവേയിൽ ചെങ്കുത്തായ കയറ്റിറക്കങ്ങൾ ഏറെയുള്ള ഭാഗമാണ് കോളിച്ചാൽ-ചെറുപുഴ റീച്ച്. ഇവിടുത്തെ മരുതോം, കാറ്റാംകവല പ്രദേശങ്ങളിലെ വനഭൂമിയോടു ചേർന്ന റോഡ് നിർമാണം സാധ്യമായില്ലെങ്കിൽ മലയോര ഹൈവേ എന്ന വലിയ പദ്ധതികൊണ്ടു നാടിനു പ്രയോജനമില്ലാതെയാകും. നടപടികൾ അവഗത്തിലാക്കി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കാനുളള ശ്രമത്തിലാണ് മരാമത്ത് അധികൃതരും കരാറുകാരും.