മാലോം: കെഎസ്ഇബി വൈദ്യുതി നിലച്ചാൽ ഓഫ് ആകുന്ന രീതിയിൽ ആണ് ഇന്ന് മലനാട് മേഖലയിലുള്ള മിക്ക ബിഎസ്എൻഎൽ ടവറുകളുടെയും അവസ്ഥ. മഴക്കാലമായതിനാൽ മലയോരത്ത് വൈദ്യുതി മുടക്കം ഇപ്പോൾ പതിവാണ്താനും. ഈ അവസരത്തിൽ ആശുപത്രി അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് വിളിക്കാൻ ശ്രമിക്കുമ്പോഴാണ് ബിഎസ്എൻഎൽ നെറ്റ്‌വർക്ക് ഇല്ല എന്ന സത്യം ഉപഭോക്താക്കൾക്ക് മനസ്സിലാവുന്നത്. കടുത്ത മഴയിൽ വൈദ്യുതിബന്ധം അടക്കം ഇല്ലാതാകുന്ന അവസ്ഥയിൽ ഓൺലൈൻ ക്ലാസ്സുകൾക്കും, വാർത്താ വിവരങ്ങൾക്കും ജനങ്ങൾ ഇപ്പോൾ മൊബൈൽ നെറ്റ്വർക്കിനെ ആണ് ആശ്രയിക്കുന്നത് എന്നതിനാൽ വൈദ്യുതി യോടൊപ്പം നെറ്റ്‌വർക്ക് നഷ്ടപ്പെടുന്നത്, മഴ കൊണ്ടും മറ്റും ഒറ്റപ്പെട്ടുകിടക്കുന്ന മലയോര ഗ്രാമങ്ങൾക്ക് ഇരട്ടി പ്രഹരമാണ്. ഒരു അത്യാവശ്യ കാര്യത്തിന് ഉപയോഗിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് മൊബൈൽ എന്നാണ് ഇവിടങ്ങളിലെ ജനങ്ങൾ ചോദിക്കുന്നത്. സ്വകാര്യ കമ്പനികളുടെ അഭാവവും, അധിക നിരക്കുമാണ് ഈ മേഖലയിലുള്ള പലരും ബിഎസ്എൻഎൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ അധികാരികളോട് ഇതിനെപ്പറ്റി ചോദിക്കുമ്പോൾ എക്സ്ചേഞ്ചിലെ തകരാർ ആണെന്നോ, ചെറിയ ടെക്നിക്കൽ പ്രോബ്ലം ആണെന്നോ പറഞ്ഞ് തടിയൂരുകയാണ് പതിവ്. ജനറേറ്റർ ബാറ്ററി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കാത്തതോ പുതിയവ കൃത്യ സമയത്ത് മാറ്റി സ്ഥാപിക്കാത്തതാണ് ഇതിന് കാരണമെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ ഇത്തരം നടപടികൾക്കായി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രവർത്തനവും നടക്കുന്നില്ല എന്നതാണ് സത്യം.
മാലോം പ്രദേശത്ത് ബിഎസ്എൻഎൽ ന്റെ പറമ്പ, പുല്ലൊടി ടവറുകൾ ഈ രീതിയിൽ ഓഫ് ആകുന്നത് പതിവാണ്. ഇതിനു പുറമേ ചിറ്റാരിക്കാൽ, കൊന്നക്കാട് തുടങ്ങിയ മലയോര പ്രദേശങ്ങളിലും സമാന അനുഭവമാണ് നാട്ടുകാർക്ക് പങ്കുവയ്ക്കാൻ ഉള്ളത്.
0 അഭിപ്രായങ്ങള്