ചെറുപുഴ/ബന്തടുക്ക: മലയോര ഹെെവേയുടെ ഭാഗമായി കാസര്ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ നിര്മ്മാണ പ്രവര്ത്തനങ്ങള് യുദ്ധകാലടിസ്ഥാനത്തില് പുരോഗമിക്കുകയാണ്.റോഡ് നിര്മ്മാണം പൂർത്തിയാകുന്നതോടെ ചെറുപുഴയിൽനിന്നു കർണാടകയിലെ സുള്ള്യ, മടിക്കേരി,മംഗലാപുരം എന്നീ പ്രധാന ടൗണുകളിലേക്കുള്ള പാതയും യാഥാർഥ്യമാകും.ഇതോടെ ചെറുപുഴയില് നിന്ന് സുള്ള്യയിലേക്കുള്ള ദൂരം 60 കിലോമീറ്ററായി കുറയും. ചെറുപുഴ മാലോം ഭാഗത്ത് നിന്ന് മലയോര ഹെെവയിലൂടെ സഞ്ചരിച്ച് ബന്തടുക്ക വഴിയും പാണത്തൂര് വഴിയും എളുപ്പത്തില് ഇനി സുള്ള്യയില് എത്തിചേരാം. അതുപോലെ ചെറുപുഴയില് നിന്ന് കുടകിന്റെ തലസ്ഥാനമായ മടിക്കേരിയിലേക്കുള്ള മൊത്തം ദൂരം 110 കിലോമീറ്ററായി കുറയുമെന്നതും, കാസറഗോഡ്, മംഗലാപുരം ഭാഗത്ത് നിന്നുള്ള വയനാട്, ഊട്ടി യാത്രികർക്ക് മലയോര ഹൈവേ വഴിയാകും എളുപ്പവും ആകര്ഷണീയവും എന്നതും മലനാടിന്റെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ് നൽകും. വെള്ളരിക്കുണ്ട് താലൂക്കിന്റെ കിഴക്കൻ മേഖലയിൽ നിന്നും ജില്ല ആസ്ഥാനമായ കാസറഗോഡ്ക്ക് ബോവിക്കാനം വഴിയും മംഗളൂരുവിലേക്ക് ദേർളക്കട്ട വഴി എളുപ്പത്തിലെത്താമെന്നതും മലയോരഹൈവേയുടെ മറ്റൊരു നേട്ടമാണ്. അതോടൊപ്പം കാസറഗോഡ്, ദക്ഷിണ കന്നട ജില്ലയുടെ ജില്ലയുടെ കിഴക്കൻ മേഖലയെയും, കുടക് ജില്ലയുടെ വടക്കുപടിഞ്ഞാറു പ്രദേശങ്ങളെയും കണ്ണൂർ വിമാനത്താവളവുമായി എളുപ്പത്തിൽ മലയോര ഹൈവേ ബന്ധിപ്പിക്കും.
ദേശീയപാതയിലെ തിരക്കും പൊടിശല്യവും കണക്കാക്കുമ്പോൾ മലയോര ഹൈവേയിലൂടെയുള്ള പച്ചപ്പ് നിറഞ്ഞ യാത്ര ആസ്വാദ്യകരമാണ്. അതിനാൽ തന്നെ മലയോര ഹൈവേയിലൂടെ ദീർഘദൂര സഞ്ചാരികളും ചരക്ക് നീക്കവും കൂടുമെന്നത് ഉറപ്പാണ്. ഇതോടെ ഇവിടങ്ങളിലെ വ്യാപാരവും വര്ദ്ധിക്കുമെന്നതിനാൽ നിലവിൽ തന്നെ ചെറുപട്ടണങ്ങൾ ആയി കഴിഞ്ഞ മലയോര ടൗണുകളുടെ വികസന വേഗത ഇനിയും വളരെ വർധിക്കും.
2017 ൽ ഭരണാനുമതിയും, 2018 കിഫ്ബിയിൽ ഉൾപ്പെടുത്തി 82 കോടിയുടെ സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തിയുടെ നിർമാണം 77.38 കോടിയുടെ രൂപക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറെടുത്തത്.
24 മാസമാണ് കോളിച്ചാൽ - മാലോം - ചെറുപുഴ റോഡിന്റെ പ്രവൃത്തി സമയം. 2020 ഡിസംബർ മാസത്തിന് മുമ്പായി പ്രവൃത്തി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
കാസര്ഗോഡ് ജില്ലയിൽ 128.44 കിലോമീറ്റർ ദൂരമാണ‌് ഹൈവേക്കുള്ളത‌്.
കർണാടക അതിർത്തിയായ നന്ദാരപദവിൽനിന്നാരംഭിച്ച് സുങ്കതക്കട്ട, പൈവളിഗെ, ചേവാർ, അംഗടിമൊഗർ, ഇടിയടുക്ക, ബദിയടുക്ക, മുള്ളേരിയ,
ബന്തടുക്ക, കോളിച്ചാൽ, മാലോം
ചിറ്റാരിക്കാൽ എന്നിവിടങ്ങളിലൂടെ ചെറുപുഴയിലേക്കെത്തും വിധത്തിലാണ് ജില്ലയിൽ മലയോര ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്.നാലു ഘട്ടങ്ങളിലായാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
ഇതിന്റെ ഒന്നാം റീച്ചാണ് ചെറുപുഴ - കോളിച്ചാൽ റോഡ്.
12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്.
ഈ റോഡിൽ ചെങ്കുത്തായ കയറ്റിറക്കങ്ങളും കൊടുംവളവുകളും ഏറെയുള്ള ഭാഗങ്ങളിൽ വീതി 14 മീറ്ററാണ്.ഏഴുമീറ്റർ വീതിയിലാണ് ടാറിങ് നടത്തുന്നത്.ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകളും ഡിവൈഡറുകളുമെല്ലാം നിർമിക്കുന്നുണ്ട്. ഇതിനു പുറമെ വളവുകളിലും കവലകളിലുമായി നാൽപതോളം സോളർ ലൈറ്റുകളും റോഡരികിൽ സ്ഥാപിക്കും. സ്ഥലം ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നഷ്ടപരിഹാരമില്ലാതെ നാട്ടുകാർ സ്വമേധയ സ്ഥലം നൽകുകയാണ് ചെയ്യുന്നത്.മലയോര ഹെെവേയുടെ പൂര്ത്തീകരണത്തോടെ കിഴക്കന് കുടിയേറ്റ മലയോര ഗ്രാമങ്ങളുടെ വൻ പുരോഗതിക്കാണ് തുടക്കമാകുക. മലയോര ഹൈവേ പൂർത്തിയാകുന്ന മുറക്ക് നിലവിൽ ദേശീയ പാത 275 കടന്ന് പോകുന്ന സുള്ളിയ മുതൽ ദേശീയ പാത 66 കടന്ന് പോകുന്ന തളിപ്പറമ്പ് വരെയുള്ള മലയോര ഹൈവേയുടെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള റോഡ് ദേശീയപാത ആയി ഉയർത്തണം എന്ന ആവശ്യവും മലയോര മേഖലയിൽ നിന്നും ഉയരുന്നു.
0 അഭിപ്രായങ്ങള്