രാജപുരം: കള്ളാർ ടൗണിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കള്ളാർ ടൗൺ വികസന സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിലുമായി കൂടിക്കാഴ്ച നടത്തി. കള്ളാർ ടൗൺ നേരിടുന്ന പ്രധാന പ്രശ്നങ്ങളും വികസന ആവശ്യങ്ങളും കമ്മിറ്റി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ കൃത്യമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടലുകളും സഹായവും ഉറപ്പാക്കുക, PWDയുടെ അധീനതയിലുള്ള പൊതുഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുകയും കയ്യേറ്റങ്ങൾ കണ്ടെത്തുന്ന പക്ഷം നിയമാനുസൃതമായി നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ കമ്മിറ്റി ഉന്നയിച്ചു.
പുരോഗമിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനപാത നവീകരണ പ്രവർത്തനങ്ങളോടൊപ്പമോ അതിന് ശേഷമോ പഞ്ചായത്ത് ആസ്ഥാനംമായ കള്ളാറിലെ വാണിജ്യ-ടൂറിസം സാധ്യതയുള്ള മേഖലകൾ, കണക്റ്റിവിറ്റി റോഡുകൾ, വിവിധ ആരാധനാലയങ്ങൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി കള്ളാറിനെ ഭാവിയിൽ സമഗ്രമായ ടൗൺഷിപ്പായി വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
കള്ളാർ ടൗണിന്റെ വികസനം ഘട്ടംഘട്ടമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്മായ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സാധ്യമായ ഇടപെടലുകൾ നടത്തുമെന്നും കള്ളാറിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകിയതായി കമ്മിറ്റി അറിയിച്ചു. കള്ളാർ ടൗൺ വികസന സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മാത്യു കെ. ടി., കൺവീനർ കെ. ബി. രാഘവൻ, ചീഫ് കോ-ഓർഡിനേറ്റർ ശിവപ്രസാദ്, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി. അനിൽകുമാർ, പ്രഭാകരൻ, എൻ. കെ. നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍