മാലോം പ്രദേശത്തിന് ചിരപുരാതനമായ ഒരു ചരിത്രം തന്നെ ഉണ്ട്. പഴഞ്ചുല്ലുകളില്‍ പോലും കടന്നു കൂടിയിട്ടുള്ള മാലോത്തിന്‍റെ ചരിത്ര രേഖ നൂറ്റാണ്ടുകളോളം നീളും. ഇതിനുദാഹരണമാണ് “ഏറെ തിന്നാന്‍ മാലോത്ത് എത്തണം”, “മല കയറിയാല്‍ മാലോത്ത് എത്താം” തുടങ്ങിയ വായിത്താരികള്‍. മലകൾ കൊണ്ട് നിറഞ്ഞ ഈ പ്രദേശത്തിന് "മലകളുടെ ലോകം” അഥവാ “മഹാലോകം” എന്നതില്‍ നിന്നാണ് ഇന്നറിയപ്പെടുന്ന "മാലോം" എന്ന സ്ഥലപേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. കിഴക്ക് പുല്‍മേടുകള്‍ നിറഞ്ഞ കുടക് മാനിമലനിരകളും തെക്ക് കോട്ടന്‍ചേരിയും ചട്ടമലയും വടക്ക് മരുതോം മാനിയും, റാണിപുരവും പടിഞ്ഞാറ് എളേരി - പുന്നകുന്ന് കുന്നുകളും ഒരു കോട്ടപോലെ മാലോം ഗ്രാമത്തിന്‍റെ നാല് വശവും ഉയര്‍ന്നു നിന്ന് ഇവിടുത്തെ കാലവസ്ഥയെയും മണ്ണിനെയും സംരക്ഷിച്ചു നിറുത്തുന്നു.
ഇന്നത്തെ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്ക് കിഴക്കൻ മലനിരകളുടെ (റാണിപുരം - എണ്ണപ്പാറ ബെൽറ്റ്) തെക്കൻ പ്രദേശങ്ങൾ മുഴുവനായി (ഇന്നത്തെ നായിക്കയം ഇടത്തോട് മുതല്‍ കൊന്നക്കാട് അത്തിയടുക്കം വരെയുള്ള പ്രദേശങ്ങൾ) ഒരുകാലത്ത് മാലോം എന്നാണ് അറിയപെട്ടിരുന്നത്. കോട്ടന്‍ചേരി ദേവസ്ഥാനവും, അടുക്കളക്കുന്നു ഭഗവതി ക്ഷേത്രവും,മാലോത്തെ ഉയര്‍ന്ന മലനിരകളും തേജസ്വിനി പുഴയുടെ കൈ വഴികളായ ചൈത്രവാഹിനി പുഴയും നീലിപുഴയും അടങ്ങുന്ന ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു. ഒരിക്കലും വറ്റാത്ത ഉറവകളും നല്ല കാലാവസ്ഥയും മാലോത്തിനെ നെല്ലിന്‍റെ നാടായി മാറ്റിയിരുന്നു. അതിനാല്‍ തന്നെ മാലോത്ത് വരള്‍ച്ചയോ ദാരിദ്രമോ ഉണ്ടായതായി പഴമക്കാര്‍ക്ക് പോലും അറിവില്ല എന്ന് മാത്രവുമല്ല കലാപരമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന തലത്തിലായിരുന്നു ഇവിടുത്തുകാരുടെ ജീവിതം എന്ന് ചരിത്രം തുറന്നുകാട്ടുന്നു. നാടന്‍ അനുഷ്ടാനങ്ങളുടെയും, കലകുടെയും സംഗമഭൂമി കൂടെയായിരുന്നു ഇവിടം. ഇന്നും മലയോര മേഖലയുടെ തന്നെ സാംസ്‌കാരിക തലസ്ഥാനമായി മാലോം കരുതപ്പെടുന്നു. മാലോത്തിന്‍റെ മണ്ണിലേക്ക് ആധുനിക കാര്‍ഷിക രീതിയും സംസ്കാരവും നാണ്യവികളുടെ വരവുമുണ്ടായത് മധ്യതിരുവിധാകൂറില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തോട് കൂടിയാണ്. മലയോരത്തെ ആദ്യ സിനിമ തിയേറ്ററും, മെച്ചപ്പെട്ട ആശുപത്രി സൗകര്യവും കുടിയേറ്റത്തിനു ശേഷമുളള കാലഘട്ടത്തിലെ മാലോത്ത് നിലനിന്നിരുന്നു.
0 അഭിപ്രായങ്ങള്‍