പാണത്തൂർ: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ മലയോര മേഖലയോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ. ശ്രീകാന്ത് ആരോപിച്ചു. കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തികൾ പാതിവഴിയിൽ നിലച്ചത് കരാറുകാരനും ഇടതുമുന്നണി സർക്കാരും തമ്മിലുള്ള ഒത്തു കളിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു കോളിച്ചാൽ ചിറങ്കടവ് ഭാഗത്തെ റോഡ് നവീകരണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പദയാത്രയുടെ സമാപനയോഗം പാണത്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ബി.ജെ. പി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ അദ്ധ്യക്ഷനായി. രാവിലെ കോളിച്ചാലിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി എ വേലായുധൻ, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് വി കുഞ്ഞിക്കണ്ണൻ, ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് ബി വിനീത് കുമാർ, ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്ലായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ നായർ, എ.കെ മാധവൻ, പി രാമചന്ദ്ര സരളായ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.എസ്സ് പ്രീതി സ്വാഗതവും ബി.ജെ പി പനത്തടി പഞ്ചായത്ത് പ്രസിഡൻറ് ജി. രാമപന്ദ്രൻ നന്ദിയും പറഞ്ഞു.