റാണിപുരം/പുല്ലൊടി: പനത്തടി പഞ്ചായത്തിലെ പെരുതടിയിൽ പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം വെളുപ്പിന് 3:30 മണിയോടു കൂടിയാണ് പെരുതടി ദിലീപിൻ്റെ വീട്ടിലെ പട്ടിയെ പുലി പിടിച്ച് കൊണ്ടുപോയതായി സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപ പ്രദേശത്തെ ചെളിയിൽ നിന്നും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ചെമ്പംവയൽ പ്രദേശത്തും പുലി വന്നതായി സംശയമുണ്ട്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന പ്രസാദ്, സ്റ്റാൻ റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലത അരവിന്ദ്, 12-ാം വാർഡ് മെമ്പർ ശ്രീമതി രാധ സുകുമാരൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പനത്തടി വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ക്യാമറകൾ സ്ഥാപിച്ചു

പുലിയിറങ്ങിയെന്ന സംശയത്തിൽ നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചു. പെരുതടി, ചെമ്പംവയൽ ഭാഗത്തു പുലി ഇറങ്ങിയെന്ന് സംശയിക്കുന്ന പരിസരത്താണ് പനത്തടി സെക്ഷൻ സ്റ്റാഫ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറ ട്രാപ്പ് പരിശോധിച്ച് വേണ്ട നടപടികൾ കൈ കൊള്ളുമെന്ന് പനത്തടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ബി സേസപ്പ അറിയിച്ചു.

കാട്ടാന ഭീതിയിൽ പുല്ലൊടിയും പാടിയും

മാലോം പുല്ലൊടിയിലും പാടിയിലുമുള്ളവർ കഴിഞ്ഞ അഞ്ചുദിവസങ്ങളായി കാട്ടാനപ്പേടിയിലാണ്. രാത്രിയിൽ ആനയെത്തുമ്പോൾ പടക്കംപൊട്ടിച്ച് വിരട്ടിയോടിക്കുകയാണ് ഇവിടെയുള്ളവർ. ഇതിനിടയിൽ ബുധനാഴ്‌ച രാത്രിയിലും വ്യാഴാഴ്‌ച പുലർച്ചെയുമായി കൃഷിയിടത്തിലിറങ്ങിയ ഒറ്റയാൻ തെങ്ങും കാപ്പിയും കരുമുളകും വ്യാപകമായി നശിപ്പിച്ചു. പാടിയിലെ കെ.പി.നാരായണിയുടെ അഞ്ച് തെങ്ങ് ഒടിച്ച് തീറ്റയാക്കി. കാപ്പിച്ചെടികളും കുരുമുളകുവള്ളികളും ചവിട്ടിയരച്ചു. പുല്ലൊടിയിലും കഴിഞ്ഞദിവസങ്ങളിൽ ആന കൃഷിനശിപ്പിച്ചിട്ടുണ്ട്. രാത്രി ശബ്ദം കേട്ട് ഉണർന്നവർ ടോർച്ചിൻ്റെ വെളിച്ചത്തിൽ ആനയെ കാണുകയും ചെയ്തു. 

 ഒറ്റയാന്റെ കാൽച്ചുവടാണ് കൃഷിയിടത്തിൽ കാണുന്നതെന്ന് കർഷകർ പറഞ്ഞു. ശ്രീധരൻ പാടിയിൽ, ലാലച്ചൻ ഇടശേരിയിൽ, കാർത്യായണി വെള്ളൻ, കാരിച്ചി ബോളൻ എന്നിവരുടെ കൃഷിയിടത്തിലും കഴിഞ്ഞദിവസം രാത്രി ആനയിറങ്ങി. 

കെ.പി.നാരായണിയുടെ വീടിൻ്റെ 50 മീറ്റർഅടുത്തെത്തിയാണ് ആന കൃഷി നശിപ്പിച്ചത്. തീറ്റതേടിയെത്തിയ ആന തൊട്ടുത്ത് കൃഷിയിടത്തിലെ ചക്കയും പറിച്ചെടുത്തു. ആനക്കൂട്ടത്തെക്കാൾ ഒറ്റയാൻ അപകടകാരിയാണെന്നതാണ് ആളുകളെ ഭീതിപ്പെടുത്തുന്നത്. ആന പുറംകാട്ടിൽത്തന്നെ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കി.

റാണിപുരവുമായി വനാതിർത്തിപങ്കിടുന്ന ഉയരമുള്ള മലനാട് പ്രദേശമാണ് പാടിയും പുല്ലൊടിയും. മഴക്കാലമായാൽ കോടമഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഇവിടെ അധികവും ഫലവൃക്ഷങ്ങൾ അടക്കമുള്ള തോട്ടങ്ങൾ ആണ്. ഒരുഭാഗത്തുനിന്നും വിരട്ടിയോടിക്കുമ്പോൾ ആന തൊട്ടടുത്ത പ്രദേശത്തെ കൃഷിയിടത്തിൽ ഇറങ്ങുന്നു. എപ്പോൾ വേണമെങ്കിലും ആന കൺമുന്നിലെത്തുമെന്ന പേടിയുണ്ട് ഇപ്പോൾ ഇവിടെയുളളവർക്ക്.