ഹരിതം കൊന്നക്കാട് പദ്ധതിക്ക് തുടക്കമായി.

കൊന്നക്കാട്: കോട്ടൻചേരിയുടെ താഴ്‌വാരമായ കൊന്നക്കാട് ടൌണും, ബസ്റ്റാന്റും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനുമുള്ള ഹരിതം കൊന്നക്കാട് പദ്ധതിക്ക് തുടക്കമായി. ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും, ജന പ്രതിനിധികൾ, വ്യാപാരികളുൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി നിരവധിയാളുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ഹരിതം കൊന്നക്കാട് പദ്ധതി നടപ്പാക്കുന്നത്.

ബസ് സ്റ്റാൻഡ്, കൊന്നക്കാട് ടൌൺ, ചൈത്രവാഹിനി പുഴയോരം തുടങ്ങിയ ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതും പുഴയിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനും പരിഹാരമാകും. ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം പദ്ധതി ഉൽഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം മോൻസി ജോയ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ മധുരം പങ്കുവെച്ചു.

•••••••••••••

വെള്ളരിക്കുണ്ട് ടൗൺ മാലിന്യമുക്തമായി പ്രഖ്യാപിച്ചു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗൺ മാലിന്യമുക്തമായി പ്രഖ്യാപിക്കുകയും സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നാനൂറോളം പൂച്ചെടികൾ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചു. ബളാൽ പഞ്ചായത്തിന്റെയും വ്യാപാരവ്യവസായി ഏകോപന സമിതിയുടെയും പൗരസമിതിയുടെയും കാറളം പ്രയദർശിനി കുബ്ബിന്റെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴ്ച കാലമായി ടൗൺ ശുചീകരണ പ്രവർത്തനം നടന്നു. മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മാലിന്യമുക്ത വെള്ളരിക്കുണ്ട് പ്രഖ്യാപനം നടത്തി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഹരിതം വെള്ളരിക്കുണ്ടിന്റെ ചെയർമാനുമായ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു . വെള്ളരിക്കുണ്ട് ഫൊറോനാ വികാരി റവ.ഫ. ഡോ ജോൺസൺ അന്ത്യാംകുളം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗം ജോ മോൻ ജോസ് ആദരിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി ലോഗോ പ്രകാശനം ചെയ്തു . ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ കർമ്മം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി നിർവ്വഹിച്ചു. പൂച്ചെടികളുടെ വിതരണോദ്ഘാടനം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് റ്റി.സി.തോമസ് നടത്തി.