കൊന്നക്കാട്: മലനാടിനെ അവഗണിച്ച് KSRTC സർവ്വീസുകൾ ആരംഭിക്കുന്നതിൽ കിഴക്കൻ മേഖലയിൽ ജനരോക്ഷം ഏറുന്നു. കൊന്നക്കാട്, മാലോം മേഖലയിൽ നിന്ന് മലയോര ഹൈവേ വഴി ഒരു ദീർഘദൂര ബസ്സും പോലും നാളിതുവരെ തുടങ്ങാൻ KSRTCക്ക് സാധിച്ചിട്ടില്ല. ദീർഘദൂര യാത്രകൾ നടത്തുവാൻ ഇന്നാട്ടിലെ ജനങ്ങൾ വട്ടം ചുറ്റുകയാണ്. ഈ മേഖലയിലെ ജനങ്ങൾ വയനാട് - കണ്ണൂർ - തിരുവിതാംകൂർ മേഖലകളിലേക്ക് യാത്ര ചെയ്യുവാൻ വെള്ളരിക്കുണ്ട് ഭീമനടി നർക്കിലക്കാട് വഴിയോ, കാഞ്ഞങ്ങാട്, നീലേശ്വരം വഴിയോ വട്ടം ചുറ്റണം എന്ന ഗതികേടിലാണ്. മലയോരത്ത് നിന്നും നിലവിൽ ഉള്ളതും, പുതുതായി തുടങ്ങുന്നതുമായ എല്ലാ ദീർഘദൂര ബസുകളും നിലവിൽ ഒരേ റൂട്ടിൽ, നർക്കിലക്കാട് വഴിയാണ് സർവീസ് നടത്തുന്നത്. പല സർവീസുകളും ഇതുപോലെ തുടങ്ങി നിർത്തിയതും ഉണ്ട്.

മലയോര ഹൈവേ, കുന്നുംകൈ പാലം - ചിറ്റാരിക്കാൽ, മുക്കട - ചീമേനി, പോലുള്ള മറ്റ് റൂട്ട്കൾ ഒഴിവാക്കി ഒരേ റൂട്ടിൽ തന്നെ കൂടുതൽ കെ.എസ്. ആർടി.സി സർവ്വീസുകൾ ആരംഭിക്കുന്നതു കൊണ്ടാണ് പുതിയ സർവ്വീസുകൾ "ക്ലച്ച് ' പിടിക്കാത്തതെന്നതാണ് ജനങ്ങളുടെ ആക്ഷേപം, വഴിക്കടവ്, തൃശൂർ, ഗുര്യവായൂർ , താമരശ്ശേരി, ചങ്ങനാശ്ശേരി , മാനന്തവാടി ബസ്സുകൾ ആരംഭിച്ചതുപോലെ അവസാനിക്കാനുള്ള കാരണങ്ങളിൽ പ്രധാനം ദൂരം കുറഞ്ഞ കാസറഗോഡൻ മലയോര ഹൈവേയെയും, കാഞ്ഞങ്ങാട് നീലേശ്വരം പട്ടണങ്ങളിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കുന്ന കുന്നുംകൈ റൂട്ടിനെയും ഒഴിവാക്കി നിലവിൽ തന്നെ കൂടുതൽ ബസ്സുകൾ സർവീസ് നടത്തുന്ന നർക്കിലക്കാട് വഴി തന്നെ ഓടിയതുമാണ് എന്ന് യാത്രക്കാർ പറയുന്നത്. ഇപ്പോൾ നിരവധി സർവീസുകൾ ഉള്ള ഭീമനടി ചിറ്റാരിക്കാൽ റൂട്ടിൽ നർക്കിലക്കാടിനും ചിറ്റാരിക്കാലിനും ഇടയിൽ ജനസാന്ദ്രതയും തീരെ കുറവുമാണ്.

സ്വകാര്യ വാഹനങ്ങളെയും തീവണ്ടി ഗതാഗതത്തെയും താരതമ്യേന കുറവ് ആശ്രയിക്കുന്ന കിഴക്കൻ മലയോര പ്രദേശത്തുള്ളവർക്ക് ദീർഘദൂര യാത്രയ്ക്ക് ഉൾപ്പെടെയുള്ള ഏക യാത്രാന്മാർഗം എന്നത് ബസ് സർവീസുകൾ മാത്രമാണ്. മാലോം ടൗണിൽ നിന്നും ഹിൽ ഹൈവേയിലൂടെ ചെറുപുഴ വഴി കണ്ണൂർക്കും, പാൽചുരം വഴി മാനന്തവാടിക്കും സർവിസ് എന്ന മലനാടിന്റെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു ദീർഘദൂര ബസ് പോലും ചെറുപുഴ മാലോം വഴിയോ ചിറ്റാരിക്കാൽ കുന്നുംകൈ നീലേശ്വരം വഴിയോ നടത്താൻ ksrtc അധികൃതർ തയ്യാറല്ല എന്നതാണ് സത്യം. ഹിൽ ഹൈവേയിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് ഉണ്ടായിട്ടും ഒരു ദീർഘദൂര സർവീസ് പോലും ഹിൽ ഹൈവേയിൽ നേടാൻ നാളിതുവരെ സാധിച്ചിട്ടില്ല. സമാനമാണ് ചിറ്റാരിക്കാൽ - കുന്നുംകൈ റോഡിന്റെ അവസ്ഥയും നല്ല റോഡ് വന്നിട്ടും കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറല്ല. നർക്കിലക്കാട് വഴി മാത്രമേ ദീർഘദൂര സർവീസുകൾ ഓടിക്കൂ എന്ന് നിർബന്ധമുള്ളത് പോലെയാണ് കാര്യങ്ങൾ എന്നാണ് മലയോര ജനത അടക്കം പറയുന്നത്. വയനാട്ടിലേക്കോ, തിരുവതാംകൂറിലേക്കോ, ബാംഗ്ലൂർക്കോ, കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലേക്കോ പുതുതായി ഏതെങ്കിലും ദീർഘദൂര സർവീസ് അനുവദിച്ചാൽ തന്നെ മലയാര ഹൈവേയെ മറക്കുന്നത് KSRTC യുടെ മലനാടിനോടുള്ള അവഗണനയ്ക്ക് ഉദാഹരണമായി നാട്ടുകാർ ചൂണ്ടികാട്ടുന്നു.

റോഡ് നവീകരണം മൂലം കുന്നുംകൈ പാലം വഴി ഇപ്പോൾ സർവ്വീസുകൾ നടത്തുന്ന KSRTCകൾ ലാഭത്തിൽ തന്നെയല്ലെയെന്ന് അവിടുത്തെ നാട്ടുകാർ ചോദിക്കുന്നു. മലയോരത്തേക്ക് ഏറ്റവും കൂടുതൽ KSRTC സർവ്വീസുകൾ നടത്തിയിരുന്ന കുന്നുംകൈ പാലം വഴിയും, മലയോരഹൈവേയിലെയും യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവഴി ആലക്കോട്, മാനന്തവാടി, കണ്ണൂർ തലശ്ശേരി സർവ്വീസ്കൾ ആരംഭിച്ചാൽ KSRTC നഷ്ടകഥ ആവർത്തിക്കുകയില്ലെന്നാണ് വിവിധ മലയോര പാസഞ്ചേഴ്സ് സംഘടനകൾ വിലയിരുത്തുന്നത്.

രാത്രിയാത്ര ദുരിതം

വൈകിട്ട് ആറു മണിക്ക് ശേഷം ചെറുപുഴ നിന്ന് മാലോത്തേക്ക് ഹിൽഹൈവേയിലുള്ള യാത്ര ടാക്സിയിലും സ്വകാര്യ വാഹനത്തിലും കാൽനടയായും മാത്രമാണെന്നത് യാത്രക്ലേശത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. നേരത്തെ രാത്രി 8.20 ചെറുപുഴയിൽ നിന്നും മാലോത്തേക്ക് ഉണ്ടായിരുന്ന കെഎസ്ആർടിസിയും കോവിഡിന് ശേഷം നിലച്ചു. ഏതാനും കട്ട് ട്രിപ്പുകൾ മാത്രമുള്ള ചെറുപുഴ - മാലോം റൂട്ടിൽ ദീർഘദൂര യാത്രകൾക്ക് ശേഷം വൈകി ചെറുപുഴ എത്തുന്ന മാലോം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് പിന്നെ ടാക്സിയോ മറ്റ് സ്വകാര്യ വാഹനങ്ങളോ വിളിക്കേണ്ട സ്ഥിതിയാണ്. 

സ്വകാര്യമേഖലയിൽ 140 കിലോമീറ്റർ കൂടുതൽ ഉള്ള പെർമിറ്റുകൾ റദ്ദാക്കിയത്, പെർമിറ്റ് പിടിച്ചെടുത്ത് ടേക്ക് ഓവർ നടത്തിയത്, അന്ത്രർസംസ്ഥാന പെർമിറ്റ്കൾ ദേശസാൽക്കരിച്ചത്,പെർമിറ്റ് പുതുക്കി നൽകാതെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, ആൾ ഇന്ത്യ പെർമിറ്റിൽ പുതിയ സ്വകാര്യ ബസ്സുകൾക്ക് സംസ്ഥാനം കടന്നും ഓടാൻ സമ്മതിക്കാത്തത്, തുടങ്ങിയ ഒട്ടനേകം തെറ്റായ സർക്കാർ നയങ്ങൾ മൂലം മലയോരപട്ടണങ്ങളിൽ നിന്നടക്കമുള്ള ദീർഘദൂര/ സൂപ്പർ ക്ലാസ്/ ലിമിറ്റഡ് സ്റ്റോപ്പ് തുടങ്ങിയ ഒട്ടനേകം സ്വകാര്യ ബസ്സുകൾ ആണ് ഇല്ലാണ്ടായത്. ബദൽ സംവിധാനം ഒരുക്കുന്നതിൽ കെഎസ്ആർടിസി ആണെങ്കിൽ അമ്പേ പരാജയമാണ്. പുതിയ ബസ്സുകൾ തന്നെ നിരത്തിലിറക്കാൻ കെഎസ്ആർടിസിക്ക് സാധിക്കുന്നില്ല. മലയോരത്തടക്കം സർവീസ് നടത്തുന്ന പഴഞ്ചൻ വണ്ടികൾ സർവീസിനിടെ വഴിയിലാകുന്നതും ഇപ്പോൾ നിത്യസംഭവം ആയിക്കൊണ്ടിരിക്കുന്നു.