അടോട്ടുകയ: രണ്ട് സ്റ്റേറ്റ് ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കള്ളാർ ചുള്ളിത്തട്ട് റോഡിൻ്റെ നവീകരണ പ്രവർത്തി മെക്കാഡം ടാറിംഗ് (BM) ഉൾപ്പെടെ അവസാനഘട്ടത്തിൽ. കള്ളറിൽ കൂടി കടന്നു പോകുന്ന അന്തർസംസ്ഥാനപാതയായ ഹോസ്ദുർഗ് - പാണത്തൂർ സ്റ്റേറ്റ് ഹൈവേയെയും മാലോം ചുള്ളിത്തട്ട് കൂടി കടന്നു പോകുന്ന മറ്റൊരു സ്റ്റേറ്റ് ഹൈവേ കൂടിയായ ഹിൽ ഹൈവേയെയും ബന്ധിപ്പിക്കുന്ന കള്ളാർ - ചുള്ളിത്തട്ട് റോഡ് മെക്കാഡം ടാറിങ് നടത്തി ,ആവശ്യമായ ഭാഗങ്ങളിൽ ഓവുചാൽ ,പാർശ്വഭിത്തി നിർമ്മാണം ,റോഡ്‌ സുരക്ഷാ ക്രമീകരണങ്ങൾ എന്നിങ്ങനെ വിഭാവനം ചെയ്തിട്ടുള്ള പ്രവൃത്തിക്ക് 9.97 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

പണി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു തകർന്നു കിടക്കുന്ന ഹിൽ ഹൈവേയുടെ മാലോം - കോളിച്ചാൽ ഭാഗത്തിന് പകരം ഉപയോഗപ്രദമകുന്നത് കൂടിയാണ് നവീകരണം പൂർത്തിയാകുന്ന കള്ളാർ - ചുള്ളിത്തട്ട് റോഡും അനുബന്ധ പുല്ലൊടി മാലോം റോഡും എന്നതിനാൽ മാലോം കോളിച്ചാൽ മലയോര ഹൈവേയിലൂടെയുള്ള ദുരിത യാത്രയ്ക്ക് ഒരു പരിധി വരെ ആശ്വാസമാകും നവീകരണം നടക്കുന്ന ഈ ബൈപ്പാസ് റോഡ്. പ്രവർത്തി പൂർത്തിയാകുന്നതോടെ കൊട്ടോടി, രാജപുരം, മാലക്കല്ല്, കുറ്റിക്കോൽ പ്രദേശത്തുള്ളവർക്ക് വളരെ എളുപ്പം മരുതോം തട്ടിൽ എത്തി മാലോം ഭാഗത്തേക്ക്‌ പ്രവേശിക്കാനും, മറുവശത്ത് ചിറ്റാരിക്കാൽ, മാലോം പ്രദേശത്തുനിന്ന് കാസറഗോഡ്, മംഗലാപുരം, പുത്തൂർ യാത്രകൾക്കും വളരെ ഉപകാരമാകും.