റാണിപുരം: ജില്ലയിലെ പ്രമുഖ ഹില്‍ സ്റ്റേഷനായ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ മാര്‍ച് എട്ട് മുതല്‍ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല. ചൂട് കൂടിയതിനെ തുടര്‍ന്ന് ജലലഭ്യത കുറവായതിനാലാണ് സന്ദര്‍ശകര്‍ എത്തുന്നത് വിലക്കിയിരിക്കുന്നത്. റാണിപുരത്തെ ഉറവയില്‍ നിന്നാണ് ഇവിടേക്ക് ആവശ്യമുള്ള വെള്ളം ലഭിച്ചുകൊണ്ടിരുന്നത്. ഉറവ വറ്റിയതോടെയാണ് നിയന്ത്രണം ഏര്‍പെടുത്താന്‍ നിര്‍ബന്ധിതരായതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. ഇവക്ക് പുറമേ സൂര്യാതാപം ഏൽക്കാനുള്ള സാധ്യതയും പുൽമേടുകൾ നിറഞ്ഞ റാണിപുരം മേഖലയിൽ കാട്ടുതീക്കുള്ള സാധ്യതയും ഈ വർഷത്തെ കനത്തവേനൽകൊണ്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 1,048 മീറ്റര്‍ ഉയരത്തിലുള്ള റാണിപുരത്തിന്റെ ഹില്‍ ടോപില്‍ പോലും പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്.