മാലോം: ജില്ലയിലെ ആദ്യകാല കുടിയേറ്റ കേന്ദ്രമായ മാലോത്ത് പുതിയ ഫൊറോനയുടെ പ്രഖ്യാപനം നടന്നു. മാലോം സെന്റ് ജോർജ് ദേവാലയത്തെ ഫൊറോനയായി ഉയർത്തിക്കൊണ്ടുള്ള തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ളനിയുടെ ഉത്തരവ് ഞായറാഴ്ച  രാവിലെ ഏഴിന് നടന്ന സമൂഹബലിയിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ വായിച്ചു. തുടർന്ന് ആഘോഷമായ കൃതജ്ഞത ബലിയും  നടന്നു.

മാലോം, ചുള്ളി, കൊന്നക്കാട്, പറമ്പ, നാട്ടക്കൽ, പുഞ്ച, അതിരുമാവ് എന്നീ ഇടവക പള്ളികളും ആനമഞ്ഞൾ, ദർഘാസ് പള്ളികളും മാലോം ടൗൺ, അത്തിയടുക്കം, വട്ടക്കയം കുരിശുപള്ളികളും ചുള്ളി ജീവൻ ജ്യോതി ആശ്രമം, ചമ്പക്കുളം ബനഡിക്ടൻ ആശ്രമം എന്നിവയാണ് പുതിയ മാലോം ഫൊറോനയിൽ ഉൾപ്പെടുന്ന ദേവാലയങ്ങൾ. മാലോം സെന്റ് ജോർജ് ദേവാലയ വികാരി ഫാ. ജോസഫ് വാരണത്ത് പുതിയ ഫൊറോനയുടെ ആദ്യവികാരിയായി നിയമിതനായി.

കർണാടകയിലെ കുടക് വാനാതിർത്തിയോടു ചേർന്നു കിടക്കുന്ന മാലോം പ്രദേശത്ത് 1946 മുതൽ കുടിയേറ്റം ആരംഭിച്ചിരുന്നു. 1958 ലാണ് വള്ളികടവ് കേന്ദ്രമായി മാലോം സെന്റ് ജോർജ് ദേവാലയം ആരംഭിച്ചത്.