മാലോം : ഹിൽഹൈവേയിൽ ഓട്ടോറിക്ഷയും കാറും ഇടിച്ച് ഉണ്ടായ അപകടത്തിൽ  ഓട്ടോ ഡ്രൈവർ പാത്തിക്കര സ്വദേശി ഷാലറ്റിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ മാലോം ടൗണിൽ വെച്ചാണ് അപകടം. ഇടറോഡിൽ നിന്നും കോളിച്ചാൽ - ചെറുപുഴ ഹിൽ ഹൈവേയിലേക്ക് കയറി വന്ന ഓട്ടോ റിക്ഷയും ഹൈവേയിലൂടെ വന്ന കാറുമാണ് കൂട്ടിമുട്ടിയത്. ഇടിയുടെ അഘാതത്തിൽ ഓട്ടോ റിക്ഷയിൽ നിന്നും ഡ്രൈവർ താഴേക്ക് തെറിച്ചു വീണു. ഓടികൂടിയ നാട്ടുകാർ പരിക്കേറ്റ ഷാലറ്റിനെ ഉടൻ മാലോത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റി.

മാലോത്തെ പ്രധാന ജംഗ്ഷനിലെ അപകട സാധ്യത നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ഈയിടെ പരിഷ്കരിച്ച ടൗണിലെ ട്രാഫിക് പരിഷ്കരണത്തിലെ പിഴവായി അശാസ്ത്രീയമായ ബസ് പാർക്കിംഗ് മൂലം ഇടറോഡിൽ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാഴ്ച്ച മറയുന്നതിനാൽ ഹിൽ ഹൈവേയിലേക്ക് കയറാൻ വളരെയേറെ ബുദ്ധിമുട്ടുന്നു എന്ന പരാതി നിലനിൽക്കേയാണ് ബസ് പാർക്കിംഗ് അല്ലാതെ തന്നെ അപകടങ്ങൾ സംഭവിക്കുന്നത്. ബസ് സ്റ്റാൻഡ് നിർമിച്ചു ബസുകൾ ടൗണിൽ നിർത്തുന്നത് ഒഴുവാക്കുകയും, ഇടറോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഹൈവേയിൽ വരുന്ന വാഹനങ്ങൾ നോക്കി പ്രവേശിക്കാൻ തക്കവണ്ണം മിറർ സ്ഥാപിക്കുകയും ചെയ്താൽ ഇത്തരം അപകടങ്ങൾ ഒരു പരുതി വരെ കുറയക്കാം.