ചിറ്റാരിക്കാൽ: കോൺഗ്രസ്‌ പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട ഈസ്റ്റ് എളേരിയിലെ മുൻ കോൺഗ്രസ് നേതാവും നിലവിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ്റുമായ ജെയിംസ് പന്തമ്മാക്കൽ നേതൃത്വം നൽകുന്ന കോൺഗ്രസ്‌ വിമതരുടെ പാർട്ടിയായ ഡി ഡി എഫ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ചേക്കുമെന്ന് സൂചന. രണ്ട് തവണയായി ഇടത് പക്ഷവുമായി ചേർന്ന് ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ ഭരണം ഡി ഡി എഫ് നിലനിർത്തി പോന്നിരുന്നു.  

നടക്കാനിരിക്കുന്ന ഈസ്റ്റ്‌ എളേരി ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഡി.ഡി.എഫും തമ്മിൽ ധാരണയായി. ഈസ്റ്റ് ഏളേരിയിൽ വലിയ മാറ്റത്തിന് തിരി തെളിയുന്നതായി ജെയിംസ് പന്തമാക്കൽ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് നേതാക്കളും, ഡിസിസി പ്രസിഡന്റ് ടി കെ ഫൈസൽ എന്നിവരുമായി നടത്തിയ സംയുക്ത ചർച്ചയിലാണ് കെപിസിസി തീരുമാനം. ഡി ഡി എഫ് കോൺഗ്രസിൽ ലയിച്ചാൽ ഈസ്റ്റ്‌ എളേരി വീണ്ടും കോൺഗ്രസിന്റെ ഇരുക്ക് കോട്ടയായി മാറുമെന്നതാണ് ഇടത്പക്ഷത്തെയും ഈ പ്രദേശം കേന്ദ്രമായി ശക്തിപ്പെട്ട് വരുന്ന ആം ആദ്മിയുൾപ്പെടെയുള്ള മറ്റ് പാർട്ടികളെ ആകുലപെടുത്തുന്നത്.