മാലോം/ബളാൽ : കനത്ത മഴയുടെ പശ്ചാത്തലത്തിൽ പണി നടക്കുന്ന മലയോര ഹൈവേയിലൂടെ ഉള്ള രാത്രി യാത്രയില്ടക്കം അതീവജാഗ്രത വേണം, ഉരുൾപൊട്ടൽ സാധ്യതയുള്ള അരുവികളുടെയും തോടുകളുടെയും അടുത്ത് വാഹനങ്ങൾ ഒരു കാരണവശാലും നിർത്തരുത്. റോഡ് പണി നടക്കുന്നിടത്ത് മണ്ണിൽ വാഹനങ്ങൾ കുടുങ്ങാൻ ഉള്ള സാധ്യത മുന്നിൽ കണ്ട് വഴി മാറി പോകുന്നതും ഉചിതമാകും. ഹിൽ ഹൈവേ പണി നടക്കുന്ന നല്ലൊമ്പുഴ അരയിരുത്തിയിൽ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടുള്ള വിധം റോഡിൽ വെള്ളക്കെട്ട് നിറഞ്ഞിട്ടുണ്ട്. റോഡ് പണി നടക്കുന്ന കാറ്റാംകവല ഒഴിവാക്കി ചട്ടമല വഴി പോകാവുന്നതും മാലോത്ത് നിന്നും ചുള്ളി മരുതോം റോഡിന് പകരം പുല്ലൊടി റോഡും ഉപയോഗിക്കാം. കഴിവതും പ്രാദേശികമായ ആളുകളുമായി ആശയവിനിമയം നടത്തിയ ശേഷം യാത്ര തുടരുക.

മണ്ണിടിച്ചിൽ സാധ്യത ഉള്ള മാലോം വില്ലേജിലെ കൊന്നക്കാട് കൂളിമട പ്രദേശത്തെ 2 കുടുംബങ്ങളെ അടുത്തുള്ള ബന്ധുവീട്ടിലേക്കു മാറ്റിപാർപ്പിച്ചു. മലയോരത്ത് ശക്തമായ മഴ സാധ്യത കണക്കിലെടുത്ത്  ബളാൽ പഞ്ചായത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തിര ജാഗ്രതാ സമിതിയോഗം ചേർന്നു. ജാഗ്രതാ യോഗത്തിൽ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് എം. രാധാമണി,ബ്ലോക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി. പത്മാവതി,ടി. അബ്ദുൾ കാദർ, വെള്ളരിക്കുണ്ട് സി. ഐ. എൻ. ഒ. സിബി,ഡെപ്യൂട്ടി തഹസിൽദാർ കെ.ബി. രാമു,വില്ലേജ് ഓഫീസർ ഷിബു പഞ്ചായത്തംഗങ്ങളായ ജോസഫ് വർക്കി, മോൻസി ജോയ് പഞ്ചായത്ത്‌ സെക്കട്ടറി കെ. റാഷിദ്‌ എന്നിവർ പങ്കെടുത്തു.

ഉയർന്ന വനപ്രദേശങ്ങളോട് ചേർന്ന് താമസിക്കുന്നവരും പുഴയോരങ്ങൾക്കടുത്ത്‌ താമസിക്കുന്ന വരും അതീവ ജാഗ്രത പാലിക്കണം.
കടവുകളിലും പുഴകളിലും യാതൊരു വിധ കാരണ വശാലും അടുത്ത രണ്ടു ദിവസങ്ങളിൽ ആളുകൾ ഇറങ്ങരുത്.
കൂടുതൽ മഴ ലഭിക്കുകയും പ്രാദേങ്ങളിൽ മഴക്കെടുതി സംവിക്കുകയും ചെയ്താൽ ആ വിവരം കൺട്രോൾ റൂമുമായി ബന്ധപ്പെടണം. അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ താഴെ

04672-242300
8547618470
04672242320
9497980931
9496049746
9496049747
8547617422
8547617417
8547617439
6238088314.