റാണിപുരം:  കാട്ടാനക്കൂട്ടത്തിന്റെ വിഹാരകേന്ദ്രമായി റാണിപുരം. പനത്തടി റാണിപുരം, കൊണ്ടുപുള്ളി പാണത്തൂർ വിനോദസഞ്ചാര റൂട്ടിൽ കാട്ടാനകൾ തമ്പടിക്കുന്നതും പ്രദേശത്തെ കർഷകരുടെ കൃഷി നശിപ്പിക്കുന്നതും പതിവാകുന്നു. പനത്തടി റാണിപുരം റോഡിലെ ക്രാഷ്ഗാർഡുകൾ കാട്ടാനകൾ നശിപ്പിച്ചിട്ട് അധികമായില്ല. ഇതേത്തുടർന്ന് രാത്രികാലങ്ങളിൽ ഇനിയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണസമിതിയും ആഴ്ചകൾക്ക് മുമ്പ് മുന്നറിയിപ്പു നൽകിയിരുന്നു. 

ഇപ്പോൾ രണ്ടുദിവസത്തിനിടെ മൂന്ന് കർഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയെത്തിയ ആനക്കൂട്ടം റാണിപുരം കുറത്തിപ്പതിയിലെ വിശ്വകുമാർ, എം.ബാലകൃഷ്ണൻ നായർ എന്നിവരുടെ തെങ്ങ്, വാഴ തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്റെ വീട്ടിന് സമീപമെത്തിയ കാട്ടാനക്കൂട്ടം തെങ്ങും വാഴയും കുടിവെള്ളസംഭരണിയുമടക്കം നശിപ്പിച്ചിരുന്നു.

വീടിന് സമീപത്തേക്കടക്കം കാട്ടാനക്കൂട്ടമെത്തിയതോടെ കർഷകരുടെ ജീവന് പോലും ഭീഷണിയാവുകയാണ്. വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന ആനക്കൂട്ടം ജനവാസകേന്ദ്രങ്ങളിലേക്കും വീടിന് സമീപത്തേക്കുമടക്കം എത്തിയതോടെ റാണിപുരം, കുറത്തിപ്പതി, പന്തിക്കാൽ, പുളിംകൊച്ചി, പെരുതടിഭാഗങ്ങളിലെ കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. മുൻകാലങ്ങളിൽ ആനയിറങ്ങി വലിയതോതിൽ കൃഷിനാശമുണ്ടായിട്ടും നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ലെന്ന് ഇവിടെയുള്ള കർഷകർ പറയുന്നു. അഥവാ കിട്ടിയവർക്കാകട്ടെ, നഷ്ടത്തിന്റെ നൂറിലൊന്നുപോലും ലഭിക്കുന്നില്ല.

കുറത്തിപ്പതിയിലെ ബാലകൃഷ്ണനും സഹോദരിയും ബാങ്കിൽനിന്നും നാലുലക്ഷം രൂപ വായ്പയെടുത്തായിരുന്നു കൃഷി. എന്നാൽ, കഴിഞ്ഞ വർഷം കാട്ടാനയിറങ്ങി എല്ലാം നശിപ്പിച്ചതോടെ വായ്പാ തിരിച്ചടവിനുപോലും കഷ്ടപ്പെടുകയാണ്. ശനിയാഴ്ച വീണ്ടും ഇവരുടെ കൃഷിതന്നെ കാട്ടാന നശിപ്പിച്ചു.

വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച സൗരോർജവേലിയുടെ പ്രവർത്തനം നിലച്ചതും പല സ്ഥലത്തും വേലി ഇല്ലാത്തതുമാണ് കാട്ടാനശല്യം കൂടാൻ കാരണമായി പറയുന്നത്. ഇതിനിടെ അടുത്തദിവസം തന്നെ ആവശ്യമായ സാധനസാമഗ്രികൾ എത്തിച്ച് സൗരോർജവേലിയുടെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.